നോയിഡ: ഉത്തര്‍പ്രദേശില്‍ ഏഴ് വയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ പോലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. ഗൗതംബുദ്ധ നഗറിലെ സെയില്‍സ് ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ കോണ്‍സ്റ്റബിളായ സുഭാഷ് സിങ്(45) എന്നയാളെയാണ് ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റു ചെയ്തത്.

ഗ്രേറ്റര്‍ നോയിഡയിലെ സുര്‍ജാപൂരില്‍ ഇന്നലെ വൈകീട്ടായിരുന്നു സംഭവം. വീടിനടുത്തുള്ള അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന ഇയാള്‍ സമീപത്ത് ഒറ്റയ്ക്ക് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് റൂമിലേക്ക് കൊണ്ടുപോവുകയും പീഡിപ്പിക്കുകയുമായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയ അയല്‍വാസികള്‍ കണ്ടത് അവശയായിക്കിടക്കുന്ന പെണ്‍കുട്ടിയെ ആയിരുന്നു. ഇതോടെ അപ്പാര്‍ട്ടമെന്റില്‍ നിന്നും ഇറങ്ങി ഓടിയ സുഭാഷ് സിങ് പുലര്‍ച്ചെ നാലു മണിയോടെ അപ്പാര്‍ട്ട്‌മെന്റില്‍ തിരിച്ചെത്തുകയായിരുന്നു. ഈ സമയത്ത് അയല്‍വാസികളായ രണ്ടു സ്ത്രീകള്‍ ഇയാളെ തടഞ്ഞുവെക്കാന്‍ ശ്രമിച്ചെങ്കിലും അവരെയും ഇയാള്‍ ആക്രമിക്കുകയുണ്ടായി. തുടര്‍ന്ന് നൂറുകണക്കിനാളുകള്‍ വരുന്ന ജനക്കൂട്ടം ഇയാളെ വളയുകയും മര്‍ദ്ദിക്കുകയുകമായിരുന്നു.

പോലീസ് യുണിഫോമില്‍ ആയിരുന്ന ഇയാളെ രണ്ടു മണിക്കൂറോളം തങ്ങള്‍ മര്‍ദ്ദിച്ചുവെന്നും തങ്ങള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് രാവിലെ 8 മണിക്ക് പോലീസ് വന്ന് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നുവെന്നും പ്രദേശവാസി പറയുന്നു. പോക്‌സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പോലീസ് ഉദ്യോഗസ്ഥനെതിരെ ബലാത്സംഗക്കുറ്റം അടക്കമുള്ളവ ചുമത്തി കേസെടുത്തിട്ടുണ്ട്. മെഡിക്കല്‍ റിപ്പോര്‍ട്ടിനുവേണ്ടി കാത്തിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ബിഹാറില്‍നിന്നുള്ള ഫാക്ടറി തൊഴിലാളിയുടെ മകളാണ് ബലാത്സംഗത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ അച്ഛന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചിരുന്നു.

പെണ്‍കുട്ടിയെ അടുത്തുള്ള ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയിരിക്കുകയാണെന്ന് സുര്‍ജാപൂരിലെ സ്‌റ്റേഷന്‍ ഓഫീസര്‍ അഖിലേഷ് പ്രദാന്‍ പറഞ്ഞു.