അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പ്രചാരണവേദികളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്‌കോട്ട്, സൂററ്റ്. ഭൂജ്, കച്ച് എന്നിവിടങ്ങളിലെ റാലികളില്‍ മോദി പങ്കെടുക്കും. അതേസമയം, സൂററ്റില്‍ മോദി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയുടെ വേദി മാറ്റിയതായി റിപ്പോര്‍ട്ട് പുറത്തുവന്നു. പ്രദേശത്ത് പട്ടീദാര്‍ സമുദായത്തിന്റെ പ്രതിഷേധം ഭയന്നാണ് വേദി മാറ്റിയതെന്നാണ് പുറത്തുവരുന്നത്.

18 കിലോമീറ്റര്‍ അകലെയുള്ള കഡോദരയിലേക്കാണ് മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി മാറ്റിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ദക്ഷിണ ഗുജറാത്ത് മേഖലകളില്‍ രണ്ടുദിവസങ്ങളിലായി എട്ടു റാലികളില്‍ മോദി പങ്കെടുക്കുമെന്നാണ് നേരത്തെ അറിയിപ്പുണ്ടായിരുന്നത്. ഇതിലൊരു മണ്ഡലം സൂററ്റിലായിരുന്നു. ഇതാണ് പ്രതിഷേധം ഭയന്ന് മാറ്റിയിരിക്കുന്നത്. ഈ പ്രദേശം പട്ടേല്‍ വിഭാഗക്കാര്‍ക്ക് മുന്‍തൂക്കമുള്ള ഇടമാണ്. പാട്ടിദാര്‍ സമുദായ വിഭാഗത്തിന്റെ ശക്തി കേന്ദ്രങ്ങളായ സൂററ്റിലെ കാംരെജ്, കടാര്‍ഗ്രാം,മജുര, വരാച്ച റോഡ് എന്നിവിടങ്ങളില്‍ മോദി അനുകൂല തരംഗം ഉണ്ടാക്കുകയെന്നത് പ്രയാസകരമാണെന്നാണ് ബി.ജെ.പി വിലയിരുത്തല്‍.

അതേസമയം, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ദളിത് നേതാവ് ജിഗ്‌നേഷ് മേവ്‌നാനി സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് അറിയിച്ചു. കോണ്‍ഗ്രസ്സിന്റെ സിറ്റിംഗ് സീറ്റായ വാദ്ഗാം മണ്ഡലത്തിലാണ് മേവാനി മത്സരിക്കുന്നത്. ഇവിടെ കോണ്‍ഗ്രസ്സിനായി സിറ്റിംഗ് എം.എല്‍.എ മണിഭായ് വഘേലയും ബി.ജെ.പിക്കായി വിജയ്ഭായ് ചക്രവതിയും മത്സരിക്കുന്നുണ്ട്. തിങ്കളാഴ്ച്ച മേവ്‌നാനി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ട്വിറ്ററിലൂടെയാണ് മേവ്‌നാനി ഇക്കാര്യം അറിയിച്ചത്.

പിന്നാക്ക സമുദായങ്ങള്‍ക്കുള്ള സംവരണസീറ്റിലാണ് മേവ്‌നാനി മത്സരിക്കുന്നത്. നേരത്തെ, കോണ്‍ഗ്രസ്സിന് പിന്തുണ നല്‍കുമെന്ന് മേവ്‌നാനി പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായാണ് മേവ്‌നാനിയുടെ നീക്കങ്ങള്‍. കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ രാഹുല്‍ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചക്കുള്ള ക്ഷണം മേവ്‌നാനി നിരസിച്ചിരുന്നു. ആരേയും പിന്തുണക്കില്ലെങ്കിലും ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതേസമയം, ഹര്‍ദ്ദികിന്റെ പിന്തുണ ലഭിച്ചിട്ടും മേവ്‌നാനിയുടെ പിന്തുണയില്ലാത്തത് ഗുജറാത്തില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടിയാവും.