ബഹ്‌റൈന്‍: ഇന്ന് നാട്ടിലേക്ക് പോകാനിരുന്ന മലയാളി ബഹ്‌റൈനില്‍ പൊള്ളലേറ്റ് മരിച്ചു. മലപ്പുറം ആതവനാട് സ്വദേശി ഗോപാലന്‍ ടി.പി (63) ആണ് മരിച്ചത്. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകാനിരുന്ന ഇദ്ദേഹം പോകാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി വിമാനം കയറാന്‍ ഒരുങ്ങിയിരിക്കവേയാണ് മരണം സംഭവിച്ചത്. ഇസാ ടൗണിന് സമീപത്തെ താമസസ്ഥലത്ത് ബുധനാഴ്ച രാത്രിയുണ്ടായ തീപിടുത്തത്തിലാണ് ഇദ്ദേഹത്തിന് ഗുരുതരമായി പൊള്ളലേറ്റത്. സംഭവമറിഞ്ഞെത്തിയ അയല്‍വാസികളാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.

ഇന്ന് രാവിലെ കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഇദ്ദേഹം നാട്ടിലേക്ക് പോകാന്‍ തയ്യാറെടുത്തത്. മുറിയില്‍ ഒപ്പമുണ്ടായിരുന്ന ഗോവ സ്വദേശി പൊള്ളലേറ്റ് ചികിത്സയിലാണ്. 35 വര്‍ഷമായി ബഹ്‌റൈനില്‍ ഡ്രൈവറായിയിരുന്നു ഗോപാലന്‍. വിമലയാണ് ഭാര്യ. മക്കള്‍: വിപിന്‍, ഷീന, നന്ദന.