ലുഖ്മാന്‍ മമ്പാട്

കോണ്‍ഗ്രസുമായുള്ള വിഛേദിക്കപ്പെട്ട മുന്നണി ബന്ധം പുനഃസ്ഥാപിക്കാന്‍ 1991ല്‍ മുസ്‌ലിംലീഗ് പത്തു നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു. ദേശീയ അന്തര്‍ദേശീയ പ്രാധാന്യമുള്ളതും ജനാധിപത്യ ജനപക്ഷ ന്യൂനപക്ഷ നീതി അരക്കിട്ടുറപ്പിക്കുന്നതുമായ ആ വ്യവസ്ഥകളില്‍ ഒന്നായിരുന്നു ആരാധനാലയങ്ങളുടെ കട്ടോഫ്‌ഡേറ്റ് സ്വതന്ത്ര ഇന്ത്യയുടെ ജന്മദിനമാക്കുകയെന്നത്. 1947 ഓഗസ്റ്റ് 15ന് ആരാധനാലയം ആരുടെ ഉടമസ്ഥതയിലാണോ അവര്‍ക്കായിരിക്കും അവകാശമെന്ന തീര്‍പ്പിന്റെ നിയമനിര്‍മാണമെന്ന ന്യായം അംഗീകരിക്കപ്പെട്ടു. 1987 മെയ്‌യില്‍ മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന ജി.എം ബനാത്ത്‌വാല മേല്‍നിര്‍ദേശം ഉള്‍കൊള്ളുന്ന ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നെങ്കിലും ഭൂരിപക്ഷം ലഭിക്കാതെ തള്ളിപ്പോയിരുന്നു. ബാബരി മസ്ജിദിനെ രാമജന്മഭൂമിയാണെന്ന വാദമുയര്‍ത്തി രാജ്യത്താകെ സംഘ്പരിവാര്‍ നടത്തുന്ന നീക്കങ്ങളുടെ തുടര്‍ ചലനം കൂടി പ്രതീക്ഷിച്ചാണ് മുസ്‌ലിംലീഗ് ഇത്തരമൊരു നിയമനിര്‍മാണ സമ്മര്‍ദ്ദം നടത്തിയത്. ബ്രിട്ടീഷുകാര്‍ ഭിന്നിപ്പിച്ചു ഭരിക്കാന്‍ പടച്ചുണ്ടാക്കിയ കെട്ടുകഥകളില്‍ കുടുങ്ങി മതവിശ്വാസികള്‍ തമ്മിലടിക്കുന്നത് തടയാനുള്ള നിയമം 1991 ഒക്‌ടോബറില്‍ പ്ലെയ്‌സസ് ഓഫ് വര്‍ഷിപ്പ് ആക്ട് (THE PLACES OF WORSHIP (SPECIAL PROVISIONS) ACT, 1991 സാധ്യമായി. കേസ് തുടരുകയായിരുന്ന ബാബരി മസ്ജിദിനെ ഒഴിവാക്കിയാണ് 1947 ഓഗസ്റ്റ് 15 കട്ട് ഓഫ് ഡേറ്റായി നിയമം നിര്‍മിക്കപ്പെട്ടത്. ഇതോടെ കാശി മധുര തുടങ്ങി പ്രകോപനത്തിന്റെ ഒറ്റ ശ്വാസത്തില്‍ പിടിച്ചെടുക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് ആക്രോശിച്ച മുവായിരത്തിലേറെ പള്ളികള്‍ക്കുമേല്‍ മാത്രമല്ല, നിരവധി ക്ഷേത്രങ്ങള്‍ക്കും ഗുരുദ്വാരകള്‍ക്കുമെല്ലാം നിയമ പരിരക്ഷയുടെ മേലാപ്പായി. ഇതോടെ, ഏതെങ്കിലുമൊരു ആരാധനായലയത്തില്‍ മറ്റൊരു വിഭാഗം അവകാശം ഉന്നയിച്ച് എത്തുമ്പോള്‍ ആ സ്ഥാപനത്തിനും അതിന്റെ ഉടമസ്ഥര്‍ക്കും സംരക്ഷണവും നീതിയും ഉറപ്പാക്കേണ്ട ബാധ്യത ഭരണകൂടത്തിലും കോടതിയിലും പൊലീസിലുമെല്ലാം നിക്ഷിപ്തമായി. എന്നിട്ടും കയ്യൂക്ക്‌കൊണ്ട് കാര്യം നേടാനാണ് സംഘ്പരിവാര്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്നത്. ബാബരിക്കും മഥുരക്കും പിറകെ വരാണസിയിലും പള്ളിയില്‍ കണ്ണുവെച്ച് രാഷ്ട്രീയം കളിക്കുന്നവര്‍ക്ക് നിയമത്തിന്റെയോ ചരിത്രത്തിന്റെയോ സത്യത്തിന്റെയോ പിന്‍ബലമില്ലെന്ന് ബോധ്യമുണ്ട്.

ബാബരി മസ്ജിദില്‍ ശ്രീരാമനായിരുന്നെങ്കില്‍ വാരാണസിയിലെ ഗ്യാന്‍വാപി അന്‍ജുമാന്‍ ഇന്‍തിസാമിയ മസ്ജിദിലെത്തുമ്പോള്‍ സ്വയംഭൂവായ ശിവനെയാണ് അവര്‍ പ്രതിഷ്ഠിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ വാരാണസിയെ തിരഞ്ഞെടുത്തത്‌പോലും കൃത്യമായ അജണ്ടകളോടെയാണ്. പ്രധാനമന്ത്രിയായ ശേഷം മണ്ഡലത്തില്‍ പ്രഖ്യാപിച്ച വികസന രൂപരേഖ കണ്ണോടിച്ചാല്‍ തന്നെ എങ്ങോട്ടാണ് പോക്കെന്ന് വേഗം ബോധ്യപ്പെടും. 2019 മാര്‍ച്ചിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 600 കോടിയുടെ കാശി വിശ്വനാഥ കോറിഡോറിന് തറക്കല്ലിടുന്നത്. വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് തൊട്ടടുത്താണ് ഗ്യാന്‍വാപി മസ്ജിദ്. സര്‍വേ പ്രകാരം 8276 ാം നമ്പര്‍ ഭൂമിയാണ് ഗ്യാന്‍വാപിയുടേത്. അടുത്തുള്ള കാശി വിശ്വനാഥ ക്ഷേത്രത്തിന്റേത് 8263 നമ്പര്‍ ഭൂമിയാണ്. രണ്ടിനെയും വേര്‍തിരിക്കുന്നതൊരു മതിലാണ്. ക്ഷേത്രത്തിനു ചുറ്റുമുള്ള 45,000 ചതുരശ്ര അടി ഭൂമി ഏറ്റെടുത്തു മാത്രമേ പദ്ധതി യാഥാര്‍ഥ്യമാക്കാനാവൂ. ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വീഡിയോ ട്വിറ്റര്‍ പ്രകാരം 300 വീടുകളും മറ്റു കെട്ടിടങ്ങളും മാത്രമല്ല, ഇതിനുള്ളില്‍ ഉള്‍പ്പെട്ട ഗ്യാന്‍വാപി മസ്ജിദും പൊളിച്ചുനീക്കി കാശി വിശ്വനാഥ കോറിഡോറില്‍ ലയിപ്പിക്കുമ്പോഴേ പ്രധാനമന്ത്രി തറക്കല്ലിട്ട കാശി വിശ്വനാഥ കോറിഡോര്‍ പൂര്‍ണമാവൂ.

ഗ്യാന്‍വാപി മസ്ജിദിന്റെ തൊട്ടടുത്തുള്ള വിശ്വനാഥ ക്ഷേത്രത്തിന്റെ ഒരു ഭാഗം അക്രമികള്‍ നശിപ്പിച്ചപ്പോള്‍ അന്നത്തെ ഭരണാധികാരിയായ ഔറംഗസീബാണ് അറ്റകുറ്റപണികള്‍ നടത്തിയതെന്നാണ് ചരിത്രം. എന്നാല്‍, 1930കള്‍ മുതല്‍ ഗ്യാന്‍വാപി മസ്ജിദ് കൈവശപ്പെടുത്താന്‍ ഹിന്ദുത്വ തീവ്രവാദികള്‍ ശ്രമം തുടങ്ങിയിരുന്നു. 1937ല്‍ ദിന്‍ മുഹമ്മദ് വേഴ്സസ് സ്റ്റേറ്റ് സെക്രട്ടറി കേസില്‍ കോടതി വാക്കാലുള്ള തെളിവുകളുടെയും രേഖകളുടെയും വെളിച്ചത്തില്‍ മസ്ജിദും അതിന്റെ പരിസരം മുഴുവനും മുസ്ലിം വഖ്ഫിന്റേതാണെന്നും അതിനാല്‍ അവിടെ മുസ്ലിംകള്‍ക്ക് പ്രാര്‍ഥിക്കാന്‍ അവകാശമുണ്ടെന്ന് നിര്‍ണയിച്ചതും അതില്‍ അംഗശുദ്ധി വരുത്തുന്ന സ്ഥലം പള്ളിയുടേതാണെന്ന് വ്യക്തമാക്കിയതും ചരിത്ര രേഖയാണ്. പള്ളി പിടിച്ചെടുക്കാന്‍ നേരായ വഴി സാധ്യമല്ലെന്ന് അറിയുന്നതുകൊണ്ടാണ് ബാബരി മാതൃകയില്‍ ഗ്യാന്‍വാപി മസ്ജിദിനുള്ളില്‍ വിഗ്രഹം കടത്താനുള്ള ശ്രമം. നന്തി വിഗ്രഹം പള്ളി വളപ്പിനുള്ളിലെ വടക്കന്‍ മതിലിന്റെ അടുത്ത് കുഴിച്ചിടാന്‍ സംഘ്പരിവാര്‍ നടത്തിയ ശ്രമം പള്ളിക്കമ്മിറ്റിക്കാര്‍ കയ്യോടെ പിടികൂടിയതോടെയാണത് പാളിത്.

2000ത്തില്‍ ക്ഷേത്രത്തില്‍നിന്ന് പിഴുതെടുത്ത ശിവലിംഗം പള്ളിക്കുള്ളിലേക്ക് വലിച്ചെറിഞ്ഞ് പ്രദേശത്ത് ഹിന്ദു മുസ്‌ലിം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമം മാലോകരെ അറിയച്ചത് ഹിന്ദു പുരോഹിതന്‍ മഹന്ദ് രാജേന്ദ്ര തിവാരിയായിരുന്നു. 1995ല്‍, പള്ളി വളപ്പിനോട് ചേര്‍ന്നുള്ള ഭാഗത്ത് ജലധാര നടത്താന്‍ അനുമതി തേടി വിശ്വഹിന്ദു പരിഷത്ത് നേതാവായ ശിവകുമാര്‍ ശുക്ല കോടതിയെ സമീപിച്ചപ്പോള്‍ അനുമതി നിഷേധിച്ച കോടതി വിധി വര്‍ഷിപ്പ് ആക്ടിന്റെ കൂടി ബലത്തിലായിരുന്നു. എന്നാല്‍, 17ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട പള്ളിയുടെ ഉടമസ്ഥത സംബന്ധിച്ച രേഖകളെല്ലാം കോടതിയില്‍ സമര്‍പ്പിച്ചിട്ടും പള്ളി 1947ന് മുമ്പ് അവിടെയുണ്ടായിരുന്നോ എന്ന് വ്യക്തമാക്കാന്‍ 1998ല്‍ സാക്ഷികള്‍ക്ക് സമന്‍സയച്ച കോടതിയെ കുറിച്ച് എന്തു പറയാന്‍. നിയമ പോരാട്ടത്തിനൊടുവില്‍ 2018 ഒക്ടോബര്‍ 25ന് സിവില്‍ കോടതി നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തതോടെ നിര്‍മാണ പദ്ധതിയുടെ മറവില്‍ സര്‍ക്കാര്‍ കോണ്‍ട്രാക്ടര്‍ പള്ളിയുടെ മതില്‍ തകര്‍ക്കുകയായിരുന്നു. പള്ളിയുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പള്ളികമ്മിറ്റിയും ജിതേന്ദ്രവ്യാസെന്ന വ്യക്തിയും സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹരജി പരിഗണിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളുകയായിരുന്നു.

അതിന്റെ തുടര്‍ച്ചയായി വേണം ഗ്യാന്‍ വാപി മസ്ജിദ് സര്‍വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന വി.എച്ച്.പിക്കാരനായ ഭഗവാന്‍ വിശ്വേശ്വരിന്റെ അഭിഭാഷകനായ അഡ്വ. വിജയശങ്കര്‍ രസ്‌തോഗി പരത്തിയ ഊഹാപോഹത്തെ മുഖവിലക്കെടുത്ത് പള്ളിയുടെ ഒരു ഭാഗം അടച്ചിടാന്‍ വാരാണസി കോടതി ഉത്തരവിടുമ്പോള്‍ അതില്‍ അല്‍ഭുതമെന്ത്. അതേസമയം, ഗ്യാന്‍വാപി പള്ളിയിലെ സര്‍വേയുടെ ചുമതല വഹിക്കുകയും മുസ്്‌ലിം വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപണം ഉയരുകയും ചെയ്ത അഡ്വക്കേറ്റ് കമ്മീഷണര്‍ അഡ്വ. അജയ്കുമാര്‍ മിശ്രയെ തല്‍സ്ഥാനത്തുനിന്ന് നീക്കിയ വാരാണസി കോടതിയുടെ ഇന്നലത്തെ നടപടി പ്രതീക്ഷക്ക് വകയുള്ളതാണ്. ഇദ്ദേഹത്തെ നീക്കണമെന്നാവശ്യപ്പെട്ട് മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി നേരത്തെ കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂലവിധി ലഭിച്ചിരുന്നില്ല.

വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദിനുള്ളില്‍ ശിവലിംഗം കണ്ടെത്തിയതോടെ അതൊരു ക്ഷേത്രമാണെന്ന് തെളിഞ്ഞതായും എല്ലാ പൗരന്മാരും ഇതംഗീകരിക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് വര്‍കിങ് പ്രസിഡന്റ് അലോക് കുമാര്‍ പറയുമ്പോള്‍ പ്രത്യേകിച്ചും. 1936 ലെ ബ്രിട്ടീഷ് ഭരണകാലത്തെ ഭൂപടവും 1991 കാലത്തെ ഭൂപടവും ഉയര്‍ത്തിക്കാട്ടി മസ്ജിദിന്റെ നിലവറക്കുള്ളില്‍ നേരത്തെ പുരാതന സ്വസ്തിക്ക് ചിഹ്നങ്ങളും താമര ചിഹ്നങ്ങളും കണ്ടെത്തിയതായി സംഘ്പരിവാര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍, ശിവലിംഗം കണ്ടെത്തിതായി പറയുന്നതു ശരിയല്ലെന്നും നമസ്‌കാരത്തിനായി വിശ്വാസികള്‍ അംഗശുദ്ധി വരുത്തുന്ന ജല സംഭരണി (ഹൗള് അഥവാ വുദു ടാങ്ക്) യിലെ വാട്ടര്‍ ഫൗണ്ടന്‍ ആണ് ഇതെന്നും മസ്ജിദ് അധികൃതര്‍ വ്യക്തമാക്കിയതൊന്നും ചെവിക്കൊള്ളാന്‍ അവര്‍ തയ്യാറല്ല.

പ്ലെയ്‌സ് ഓഫ് വര്‍ഷിപ്പ് ആക്ട് നിലനില്‍ക്കുന്നിടത്തോളം ഇപ്പോഴത്തെ വരാണസി കോടതിയുടെ ഇടപെടലുകള്‍ തന്നെ അസാധുവാണ്. മുദ്രവെച്ച സ്ഥലത്തിന്റെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് ജില്ലാ മജിസ്‌ട്രേട്ട്, പൊലീസ് കമ്മീഷണര്‍, സി.ആര്‍. പി.എഫ് സേനയുടെ ഉത്തരവാദിത്തമാണെന്ന് കോടതി പറയുമ്പോള്‍ രാജ്യത്തെ നിയമം കാശിക്കുപോകുകയാണോയെന്ന് സംശയിക്കുന്ന ഘട്ടത്തിലാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍. മസ്ജിദില്‍ ആരാധനക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ വാരാണസി കോടതി വിധി സ്റ്റേ ചെയ്ത സുപ്രീം ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച്, പള്ളിയിലെത്തുന്ന വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യത്തിന് തടസ്സമാകരുതെന്നും ഉത്തരവിട്ടത് നീതി മരിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുത്തുന്നത് തന്നെയാണ്.

ഇന്ത്യന്‍ ഭരണഘടനയെ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്ന, ആരാധനാലയങ്ങളെ രാഷ്ട്രീയ ആയുധമാക്കി വര്‍ഗീയ കലാപം സൃഷ്ടിച്ച് അധികാരം കയ്യാളുന്നവരുടെ ചൊല്‍പ്പടിയിലേക്ക് രാജ്യം ചുരുങ്ങില്ലെന്നു തന്നെയാണ് പ്രതീക്ഷ. ഗ്യാന്‍വാപി പള്ളിയുമായി ബന്ധപ്പെട്ട ഹരജികള്‍ സുപ്രീംകോടതിയിലെത്തുമ്പോള്‍ പ്രതീക്ഷയോടെ തന്നെയാണ് ജനാധിപത്യ വിശ്വാസികള്‍ നോക്കികാണുന്നത്. മോദി തന്നെ മുന്നില്‍നിന്ന് നയിക്കുമ്പോള്‍ ഗ്യാന്‍വാപികള്‍ അത്ര ലളിതമായി ചെയ്യാവുന്ന സൂത്രവാക്യമല്ലതാനും.