കൊച്ചി: കാറപകടത്തില്‍ ചികിത്സയില്‍ കഴിയുന്ന ഹനാന് സാന്ത്വനമായി പിതാവ് ഹമീദ് എത്തി. വ്യാഴാഴ്ചയാണ് ഹനാനെ കാണാന്‍ ഹമീദ് ആശുപത്രിയില്‍ എത്തിയത്. കാറപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റ ഹനാന്‍ സുഖംപ്രാപിച്ചുവരികയാണ്. പഠനത്തിനിടെ മീന്‍വില്‍പ്പന നടത്തുന്ന ഹനാന്റെ അതിജീവന കഥ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഹനാന്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധയിലേക്ക് വന്നത്.

മകളോട് തനിക്ക് എന്നും സ്‌നേഹമുണ്ട്. എന്നാല്‍ നിങ്ങളില്‍ പലര്‍ക്കും അറിയുന്നതുപോലെ ഞാനൊരു മദ്യപാനിയാണ്. ഹനാനെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നതോടെ തനിക്ക് പശ്ചാത്താപമുണ്ടായി. എന്നാല്‍ ഹനാന്‍ പ്രശസ്തയായതോടെ മകളുടെ അരികിലേക്ക് തിരികെ വന്നാല്‍ ആള്‍ക്കാര്‍ തന്നെ അവസരവാദിയെന്ന് വിളിക്കുമോയെന്നത് ഭയപ്പെട്ടിരുന്നു. ഇപ്പോള്‍ ഹനാന്‍ സ്‌നേഹവും സഹായവും ആവശ്യമുണ്ട്. ഞാന്‍ എന്റെ മകളുടെ അടുത്തേക്ക് മടങ്ങിവന്നിരിക്കുകയാണ്. ഹനാന്‍ ഇനി അനാഥയല്ലെന്നും ഹമീദ് പറഞ്ഞു.

അതിനിടെ തനിക്ക് അപകടമുണ്ടായത് ആസൂത്രിതമായ നീക്കമാണോയെന്ന് സംശയമുണ്ടെന്ന് ഹനാന്‍ പറഞ്ഞു. വാഹനാപകടം മനപൂര്‍വം സൃഷ്ടിച്ചതാണെന്ന സംശയമുണ്ടെന്ന് ഹനാന്‍ പറഞ്ഞു. അപകടസമയത്ത് കാര്‍ ഓടിച്ചിരുന്ന െ്രെഡവര്‍ പരസ്പര വിരുദ്ധമായി സംസാരിച്ചിരുന്നു. കൂടാതെ പൊലീസ് ചോദിച്ചപ്പോള്‍ അപകടസമയത്ത് എന്താണ് സംഭവിച്ചതെന്ന കാര്യം െ്രെഡവര്‍ പലപ്പോഴായി മാറ്റിപ്പറയുന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ടെന്ന് ഹനാന്‍ പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച കൊടുങ്ങല്ലൂരില്‍ കോതപറമ്പിനും ചന്തപ്പുരക്കും മധ്യേയാണ് ഹനാന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു. പിന്‍സീറ്റില്‍ ഉറങ്ങുകയായിരുന്ന ഹനാന് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.