കൊച്ചി: ഉപജീവനത്തിനായി മീന്‍ വില്‍പന നടത്തിയ കോളജ് വിദ്യാര്‍ത്ഥിനി ഹനാനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ഗുരുവായൂര്‍ സ്വദേശി വിശ്വനാഥനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. നേരത്തെ വയനാട് സ്വദേശി നുറുദ്ദീനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ കൂടാതെ പത്തു പേരുടെ കൂടി വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. ഇവരെയും ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്നാണ് വിവരം.

ഹനാനെ അപമാനിക്കുന്ന തരത്തില്‍ വിവരങ്ങള്‍ തനിക്ക് നല്‍കിയത് ഒരു ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനാണെന്ന് നുറൂദ്ദീന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. നൂറുദ്ദീനെതിരെ പൊലീസ് കേസെടുത്തതോടെ ഹനാനെതിരെ ആക്രമണം നടത്തിയ സൈബര്‍ കുറ്റവാളികളില്‍ പലരും പോസ്റ്റുകള്‍ പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ വസ്തുത മറച്ചുവെച്ച് ഹനാനെ വളരെ മോശമായ ഭാഷയില്‍ അപമാനിച്ച മുഴുവന്‍ പേരെയും പൊലീസ് ആദ്യഘട്ടത്തില്‍ പിടികൂടുമെന്നാണ് വിവരം.

സിനിമയുടെ പ്രചാരണത്തിനു വേണ്ടി തമ്മനം മാര്‍ക്കറ്റില്‍ സെറ്റിട്ടിട്ടാണ് കോളജ് യൂണിഫോമില്‍ മീന്‍ വില്‍ക്കാന്‍ എത്തിയെന്നും ഹനാന്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നുമായിരുന്നു നൂറുദ്ദീന്റെ പോസ്റ്റ്. സംഭവം വിവാദമായതോടെ തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹനാന്‍ തന്റെ കോളജ് ഡയറക്ടറുടെ ഫേസ്ബുക്ക് ലൈവിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു. ആരുടെയും സഹായം തനിക്കു വേണ്ടെന്നും അധ്വാനിച്ചു ജീവിക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു ഹനാന്റെ അഭ്യര്‍്ത്ഥന.