മഹാരാജ്ഗഞ്ച്: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യാ സെന്നിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ഹാര്‍വാഡ് ചിന്തയേക്കാള്‍ പ്രധാനം ഹാര്‍ഡ് വര്‍ക്കാണ് (കഠിനാധ്വാനം)’. അമര്‍ത്യാസെന്നിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം. ഹാര്‍ഡ് വാര്‍ഡിനെയും ഹാര്‍ഡ് വര്‍ക്കിനെയും രാജ്യം നേരില്‍ കണ്ടുകൊണ്ടിരിക്കുകയാണ്. നോട്ട് നിരോധനത്തെ കുറിച്ച് ഒരേ സമയം ഹാര്‍വാര്‍ഡിലെ ആളുകള്‍ പറയുന്നതു പോലെയും മറുഭാഗത്ത് നിന്ന് കഠിനാധ്വാനത്തിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തിയ പാവപ്പെട്ട മകനെ പോലെയുമാണ് സംസാരിക്കുന്നത്. ഹാര്‍വാഡിനെക്കാള്‍ കൂടുതല്‍ ശക്തമാണ് ഹാര്‍ഡ് വര്‍ക്ക് എന്നും അദ്ദേഹം പറഞ്ഞു.
യുപി തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ബിജെപി മഹാരാജ്ഗഞ്ചില്‍ നടത്തിയ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഹാര്‍ഡ് വാര്‍ഡ് സര്‍വകലാശാലയിലെ എക്കണോമിക്്‌സ് ആന്റ് ഫിലോസഫി വിഭാഗം അധ്യാപകനും നൊബേല്‍ സമ്മാന ജേതാവുമാണ് അമര്‍ത്യാ സെന്‍. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ഇളനീര്‍ ജ്യൂസ് പരാമര്‍ശത്തെയും മോദി പരിഹസിച്ചു. കഴിഞ്ഞ അഞ്ചു ഘട്ടങ്ങളിലെ വോട്ടെടുപ്പില്‍ ബിജെപി വിജയം ഉറപ്പിച്ചു കഴിഞ്ഞതായും ഇനിയുള്ള രണ്ട് ഘട്ടങ്ങള്‍ അധികവോട്ടു നേടുന്നതിനും മാത്രമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. സ്വച്ഛ് ഭാരത് പദ്ധതി ഇന്ത്യയിലുടനീളം നടക്കുന്നു. ഈ തെരഞ്ഞെടുപ്പോടെ യുപിയിലെ രാഷ്ട്രീയ മാലിന്യങ്ങളെ ബിജെപി തുടച്ചു നീക്കുമെന്നും അദ്ദേഹം പറഞ്ഞു.