ന്യൂഡല്‍ഹി: വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നില്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ജനകീയ സമരം നടത്തുമെന്ന് അണ്ണാ ഹസാരെ. ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ ഒന്നര മാസത്തിനകം സമരം നടത്താന്‍ തയ്യാറെടുക്കുകയാണെന്നും അണ്ണാ ഹസാരെ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നാടകങ്ങള്‍ ഒന്നൊന്നായി പൊളിയുകയാണ്. അതില്‍ ഒന്നുമാത്രമാണ് നോട്ട് നിരോധനം. നാടകങ്ങള്‍ മതിയാക്കി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണം. ഇല്ലെങ്കില്‍ ഒന്നര മാസത്തിനകം രാംലീല മൈതാനത്ത് സമരം നടത്തും- ഹസാരെ വ്യക്തമാക്കി. ലോക്പാല്‍ നടപ്പിലാക്കുമെന്ന വാഗ്ദാനം ഭരണത്തിലേറിയപ്പോള്‍ മോദി മറന്നുവെന്നും അയച്ച കത്തുകള്‍ക്കും മറുപടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.