kerala

വിദ്വേഷ പരാമര്‍ശം: പി.സി. ജോര്‍ജിന്റെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി

By webdesk17

February 07, 2025

മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ പി.സി. ജോര്‍ജിന്റെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി. പി സി ജോര്‍ജ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി അനുവദിച്ചു. കേസ് ഇനി പരിഗണിക്കുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അതേസമയം ഹരജിയില്‍ പൊലീസിനോട് കോടതി വിശദീകരണം തേടി. പി.സി. ജോര്‍ജ് മുതിര്‍ന്ന രാഷ്ട്രീയ നേതാവാണെന്നും ശ്രദ്ധ പുലര്‍ത്തണമെന്നും കോടതി സൂചിപ്പിച്ചു.

കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി ഇന്നലെ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനുപിന്നാലെ ഇന്ന് ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു.

ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് പി.സി ജോര്‍ജ് ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി നല്‍കിയ പരാതിയില്‍ ഈരാട്ടുപേട്ട പൊലീസ് കേസെടുക്കുകയായിരുന്നു. പിന്നാലെ പി സി ജോര്‍ജ് മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. നാലു തവണ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് കോടതി മാറ്റിവെച്ച് ബുധനാഴ്ചയാണ് കേസില്‍ വാദം പൂര്‍ത്തിയായത്.