film

ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള ശനിയാഴ്ച കാണുമെന്ന് ഹൈകോടതി; ശേഷം ഹരജിയില്‍ തീരുമാനം

By webdesk17

July 02, 2025

ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള സിനിമ ശനിയാഴ്ച കാണുമെന്ന് ഹൈക്കോടതി. സെന്‍സര്‍ ബോര്‍ഡ് വെട്ടിയ പേര് ഏതെങ്കിലും രീതിയില്‍ പ്രശ്‌നമുണ്ടാക്കുന്നുണ്ടോയെന്ന് പരിശോധിക്കാനായി സിനിമ കാണാമെന്ന് ഹൈകോടതി അറിയിച്ചു. ശനിയാഴ്ച രാവിലെ 10 മണിക്ക് ജഡ്ജിക്ക് മുന്നില്‍ സിനിമ പ്രദര്‍ശിപ്പിക്കും. സിനിമ കണ്ട ശേഷം ഹരജിയില്‍ തീരുമാനമെടുക്കും.

പാലാരിവട്ടത്തെ ലാല്‍ മീഡിയയിലാണ് സിനിമ പ്രദര്‍ശിപ്പിക്കുക. ശേഷം ബുധനാഴ്ച ഹരജി വീണ്ടും പരിഗണിക്കും. സുരേഷ് ഗോപി നായകനായ സിനിമക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വൈകുന്നതിനെതിരെ നിര്‍മാതാക്കളായ ‘കോസ്‌മോ എന്റര്‍ടെയ്ന്‍മെന്റ്‌സ്’ നല്‍കിയ ഹരജിയിലാണ് തീരുമാനം.

ജാനകി എന്നത് പുരാണ കഥാപാത്രം ആയതിനാല്‍ പേര് ഒഴിവാക്കണമെന്ന് റിവൈസിംഗ് കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ ഹൈക്കോടതി അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ‘ജാനകി’ എന്ന പേര് ആരുടെ വികാരമാണ് വ്രണപ്പെടുത്തുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും രാജ്യത്തെ 80 ശതമാനം ആളുകള്‍ക്കും മതവുമായി ബന്ധപ്പെട്ട പേരാണുള്ളതെന്നും ഹൈകോടതി ചൂണ്ടികാട്ടി.

സിനിമക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവച്ച സംഭവത്തില്‍ സിനിമക്ക് പിന്തുണ പ്രഖ്യാപിച്ച് ഫെഫ്ക രംഗത്തുവന്നിരുന്നു. ജൂണ്‍ 27 നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്.

വക്കീല്‍ വേഷത്തിലാണ് സുരേഷ് ഗോപി സിനിമയിലെത്തുന്നത്.