ന്യൂഡല്‍ഹി: നിര്‍ദിഷ്ട ചരക്കുസേവന നികുതിയുടെ ഘടന കാര്യക്ഷമവും ഉപഭോക്തൃ സൗഹൃദവുമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളെ പൂര്‍ണമായി ജി.എസ്.ടിയുടെ പരിധിയില്‍നിന്ന് ഒഴിവാക്കിയതായും ധനമന്ത്രി വ്യക്തമാക്കി. ഗതാഗത മേഖലക്ക് അഞ്ചു ശതമാനം മാത്രമായിരിക്കും നികുതി. ജമ്മുകശ്മീരിലെ ശ്രീനഗറില്‍ നടന്ന രണ്ടു ദിവസത്തെ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിനു ശേഷം ഡല്‍ഹിയില്‍ തിരിച്ചെത്തിയ ധനമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

ജി.എസ്.ടി നികുതി ചട്ടക്കൂടിന് ശ്രീനഗറില്‍ നടന്ന കൗണ്‍സില്‍ യോഗം അന്തിമ രൂപം നല്‍കിയിരുന്നു. ഏകീകൃത നികുതി ഘടന നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ചരക്കുസേവന നികുതി സംവിധാനം കൊണ്ടുവരുന്നത്. നാലു സ്ലാബുകളിലായാണ് ജി.എസ്.ടിയില്‍ നികുതി ഈടാക്കുക. 5, 12, 18, 28 ശതമാനമായിരിക്കും സ്ലാബ്. ഇതുസംബന്ധിച്ച് നേരത്തെതന്നെ കൗണ്‍സില്‍ ധാരണയില്‍ എത്തിയിരുന്നു.
ഏതെല്ലാം മേഖലകളെ നികുതി പരിധിയില്‍ ഉള്‍പ്പെടുത്തണം, ഓരോ മേഖലക്കും എത്ര ശതമാനം നികുതി ഏര്‍പ്പെടുത്തണം എന്നീ കാര്യങ്ങളിലാണ് ശ്രീനഗറില്‍ നടന്ന യോഗത്തില്‍ അന്തിമ ധാരണയായത്. ഇതുപ്രകാരം നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ ഒരു തരത്തിലുള്ള വര്‍ധനവും ഉണ്ടാകില്ലെന്ന് ധനമന്ത്രി പറഞ്ഞു.
പല ഉത്പന്നങ്ങള്‍ക്കും നിലവിലുള്ളതിനേക്കാള്‍ നികുതി കുറയുമെന്ന് ധനമന്ത്രി പറഞ്ഞു. ടെലികോം, ധനകാര്യം എന്നീ മേഖലകള്‍ക്ക് 18 ശതമാനമാണ് നികുതി നിശ്ചയിച്ചിരിക്കുന്നത്. റേസ് ക്ലബ്ബുകള്‍, ബെറ്റിങ് കേന്ദ്രങ്ങള്‍, സിനിമാ തിയേറ്ററുകള്‍ എന്നിവക്ക് 28 ശതമാനമായിരിക്കും നികുതി. നിലവില്‍ വിവിധ ഇനങ്ങളിലായി 45-50 ശതമാനം വരെ നികുതി തിയേറ്ററുകള്‍ ഈടാക്കുന്നുണ്ട്. ജി.എസ്.ടി വന്നാലും പ്രാദേശിക നികുതി തുടരും എന്നതിനാല്‍ നിരക്കില്‍ കാര്യമായ കുറവ് പ്രതീക്ഷിക്കുന്നില്ലെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
വാര്‍ഷിക വിറ്റുവരവ് 50 ലക്ഷത്തില്‍ കുറവുള്ള റസ്റ്റോറന്റുകള്‍ക്ക് അഞ്ചു ശതമാനമായിരിക്കും നികുതി. ഇതിനു മുകളിലുള്ള നോണ്‍ എ.സി റസ്‌റ്റോറന്റുകള്‍ 12 ശതമാനം നികുതി നല്‍കേണ്ടി വരും. ഓല, യുബര്‍ തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് ദാതാക്കള്‍ അഞ്ചു ശതമാനം നികുതി നല്‍കേണ്ടി വരും.
എക്കണോമി, ബിസിനസ് ക്ലാസുകളിലുള്ള വിമാനയാത്രക്ക് യഥാക്രമം അഞ്ചും 12ഉം ശതമാനമായിരിക്കും നികുതി.
ഫഌപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍ തുടങ്ങിയ ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് ടി.സി.എസില്‍ ഒരു ശതമാനം ഇളവ് നല്‍കിയിട്ടുണ്ട്. വിതരണക്കാര്‍ക്കായിരിക്കും ഇതിന്റെ നേട്ടം കൈമാറുക. ജൂലൈ ഒന്നു മുതല്‍ പുതിയ നികുതി ഘടന പ്രാബല്യത്തില്‍ വരുത്താന്‍ ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ കാര്യങ്ങള്‍ നീക്കുന്നത്. 1205 ഉത്പന്നങ്ങളുടെ കാര്യത്തിലാണ് ഇതുവരെ തീരുമാനം ആയത്. സ്വര്‍ണം ഉള്‍പ്പെടെയുള്ളവയുടെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ഇത് ചര്‍ച്ച ചെയ്യുന്നതിന് ജൂണ്‍ മൂന്നിന് വീണ്ടും ജി.എസ്.ടി കൗണ്‍സില്‍ ചേരും. 81 ശതമാനം ഉത്പന്നങ്ങള്‍ക്കും 18 ശതമാനമോ അതിനു താഴെയോ ആണ് നികുതിയെന്ന് ധനമന്ത്രി വ്യക്തമാക്കി.