അന്‍വര്‍ കണ്ണീരി അമ്മിനിക്കാട്

സവര്‍ക്കറെ കൃത്യമായി പല ഔദ്യോഗിക ഭാഗങ്ങളിലും ബി.ജെ.പി കേരളത്തിന് പുറത്ത് ഉപയോഗിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ അതിന് ഇതുവരെ ധൈര്യം കിട്ടിയുരുന്നില്ല. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രത്തിന് നേരെ പ്രതീകാത്മകമായി വെടിയുതിര്‍ക്കുന്ന കാലഘട്ടമാണിത്. കേരളത്തില്‍ പിണറായിയാണ് ഭരണത്തിലെന്നതാണ് സം ഘ്പരിവാരത്തിന് ഇത്തരമൊരു ഹീന പ്രവര്‍ത്തിക്ക് ധൈര്യം പകര്‍ന്നത്. സവര്‍ക്കറെ ഫോട്ടോ ആസാദി കുടയില്‍ സ്വാതന്ത്ര്യ സേനാനികള്‍ക്കൊപ്പം കുത്തിത്തിരുകികയറ്റിയെങ്കിലും പ്രബുദ്ധകേരളത്തിന്റെ പ്രതിഷേധത്തിനൊടുവില്‍ മുട്ടുകുത്തുകയായിരുന്നു. ഇത്തരം ഹീന നടപടികള്‍ അക്ഷര വിദ്യാഭ്യാസമുള്ള കേരളത്തില്‍ നടക്കില്ല എന്ന് അവരെ ബോധ്യപ്പെടുത്തണം.

ഒന്നും അവകാശപ്പെടാനില്ലാത്തവ രാണ് സംഘ്പരിവാറുകാര്‍. പിന്‍വാതിലിലൂടെയാണ് അവര്‍ പലതും നേടിയെടുക്കുന്നത്. കുടകളില്‍ ഫോട്ടോ കുത്തിക്കയറ്റിയത് പോലെ പലതും ഒളിച്ചു കടത്തി ആരുമറിയാതെ ചരിത്രത്തെ വികലമാക്കി അവതരിപ്പിക്കുകയാണ്.

എന്തുകൊണ്ടാണ് തൃശൂര്‍ പൂരത്തിനുള്ള ആസാദി കുടയില്‍ സവര്‍ക്കറുടെ ഫോട്ടോ കുത്തിത്തിരുകിയത് എന്ന് ചിന്തിക്കുമ്പോള്‍ ഉത്തരത്തിന് കേരളത്തിലെ ജനതക്ക് കൂടുതല്‍ ചിന്തിക്കേണ്ടി വരില്ല. നെഗറ്റീവ് പബ്ലിസിറ്റിയാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്. സവര്‍ക്കറുടെ ഫോട്ടോ കാണുമ്പോള്‍ കേരള ജനത ഇത് വിഷയമാക്കുമെന്ന് കൃത്യമായി ഇവര്‍ക്കറിയാം. അതിലൂടെ ചര്‍ച്ചകള്‍ സജീവപ്പെടുത്താനും സോഷ്യല്‍ മീഡിയയിലൂടെ പരസ്പരം ആക്രോശങ്ങള്‍ നടത്തി ചര്‍ച്ചാവിഷയമാക്കാനുമുള്ള അതീവ ഗൂഢ തന്ത്രത്തിന്റെ ഭാഗമാണ് സവര്‍ക്കറുടെ ഫോട്ടോ. ഇത് സാമ്പിള്‍ വെടിക്കെട്ട് മാത്രമാണ് തൃശൂര്‍ പൂര നഗരിയില്‍ നടത്തിയിട്ടുള്ളത്. നെഗറ്റിവ് പബ്ലിസിറ്റിയാണ് ഇപ്പോള്‍ കേരളത്തില്‍ ബി.ജെ.പി നിര്‍വഹിക്കുന്ന പ്രധാന മാര്‍ഗം. തൃശൂര്‍ പൂരത്തെ തന്നെ അതിന് തിരഞ്ഞെടുക്കുന്നത് കൃത്യമായി വിശ്വാസിയുടെ വൈകാരികത ഇളക്കിവിടാന്‍ മാത്രമാണ്. അതിവൈകാരികതയെ പുല്‍കുന്ന പ്രവണത ഒരിക്കലും കേരളത്തില്‍ ഇല്ല. ഭൂരിപക്ഷ ന്യൂനപക്ഷ തീവ്രതയോടെ ആര് എത്തിയാലും അവരെയെല്ലാം കേരളം അര്‍ഹിക്കുന്ന അവഗണനയോടെ അകറ്റി നിര്‍ത്തും. ഇനി അതി തീവ്രതയുള്ളവരെ കാപട്യത്തോടെ തലോടുന്നവരെയാണ് കേരളം ഏറെ ഭയക്കേണ്ടത്. വര്‍ഗീയതയെ പ്രതിരോധിക്കാന്‍ ഉറപ്പുമായി എത്തിയവര്‍ വര്‍ഗീയതയോട് കുടക്കീഴില്‍ ഒരുമിച്ചിരുന്ന് ആഭാസത്തിലേര്‍പ്പെടുന്ന അവസ്ഥ തിരിച്ചറിയണം. അധികാരം നുണയാന്‍ അതിവൈകാരികതയെ ഉപയോഗിക്കുന്നവര്‍ തിരിച്ചറിയാന്‍ പ്രാപ്തിയുള്ള ജനതയാണ് കേരളം എന്ന് തിരിച്ചറിഞ്ഞാല്‍ നന്നാവുമെന്ന് ഒന്നുകൂടി ഓര്‍മ്മപ്പെടുത്തട്ടെ.