കോട്ടയം: ഏറ്റുമാനൂരില്‍ ചിക്കന്‍ ഫ്രൈ കിട്ടാത്തതിന് യുവാവ് ഹോട്ടലുടമയെ ആക്രമിച്ചു. അമ്മഞ്ചേരി നാല്‍പത്തിമല സ്വദേശി ക്രിസ്റ്റി ആണ് അതിക്രമത്തിന് ശേഷം ഒളിവില്‍ കഴിയുന്നത്.

ചിക്കന്‍ ഫ്രൈ ആവശ്യപ്പെട്ടുകൊണ്ടാണ് യുവാവും സുഹൃത്തും ഹോട്ടലിലെത്തിയത്. എന്നാല്‍ ഭക്ഷണം കഴിഞ്ഞുവെന്നും ഹോട്ടല്‍ അടയ്ക്കുകയുമാണെന്ന് ഉടമ അറിയിക്കുകയുമായിരുന്നു. ഇതില്‍ കലിപൂണ്ടാണ് യുവാവ് അക്രമം നടത്തിയത്.

ഇയാള്‍ മദ്യപിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. വടിവാളും മറ്റും ഇയാളുടെ കയ്യിലുണ്ടായിരുന്നു. ഹോട്ടലിന്റെ ഉള്ളിലേക്ക് കടന്ന് വെട്ടുകത്തിയെടുത്ത് ആക്രമിക്കാനായിരുന്നു ഇയാളുടെ ശ്രമം. ഇത് തടയാനെത്തിയ തമിഴ്‌നാട് സ്വദേശിയായ ജീവനക്കാരന് പരിക്കേറ്റിട്ടുണ്ട്.