ചെന്നൈ: ശശികലക്കെതിരായ പോരാട്ടം തുടരുമെന്ന് മുന്‍ മുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വം. അതേ സമയം ജയലളിതയുടെ നിഴലായി നടന്നു മുഖ്യമന്ത്രി പദത്തിലേക്ക് ചുവടുവെച്ച ഒ.പി.എസ് എന്ന പന്നീര്‍ശെല്‍വം പാര്‍ട്ടിയില്‍ ശശികല പക്ഷത്തിനെതിരെ കലാപവുമായി പുറത്തു വന്നെങ്കിലും പുതിയ സംഭവ വികാസങ്ങളുടെ പശ്ചാതലത്തില്‍ നിരായുധനായ അവസ്ഥയിലാണ്. ശശികലയുടെ ആശിര്‍വാദത്തോടെ എടപ്പാടി പളനിസ്വാമി തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റതോടെ സ്വന്തം ക്യാമ്പില്‍ തന്നെ വിള്ളല്‍ വീഴുമെന്ന് ഒ.പി.എസ് ഭയക്കുന്നുണ്ട്. പളനി സ്വാമി പാര്‍ട്ടിക്കുള്ളില്‍ സ്വീകാര്യനായതിനാല്‍ ശശികലയ്‌ക്കെതിരായ വികാരം അദ്ദേഹത്തിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഇല്ലെന്നത് ഒ.പി.എസിന് പ്രതിസന്ധിയിലാക്കുന്നുണ്ട്. ശശികല ക്യാമ്പില്‍ നിന്നും പന്നീര്‍ശെല്‍വത്തോടൊപ്പം ചേര്‍ന്ന ഒ പാണ്ഡ്യരാജന്‍ ശശികല പക്ഷത്തേക്കു തന്നെ തിരികെ പോകുമെന്ന സൂചന നല്‍കിക്കഴിഞ്ഞു. പാര്‍ട്ടിയില്‍ യാതൊരു അഭിപ്രായ വ്യത്യാസമില്ലെന്നും, പാര്‍ട്ടി യോജിച്ചു നില്‍ക്കണമെന്നത് അമ്മയുടെ (ജയലളിത) ആഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം പന്നീര്‍ശെല്‍വമൊഴികെ ആര്‍ക്കും പാര്‍ട്ടിയിലേക്കു തിരിച്ചു വരാമെന്നായിരുന്നു ശശികലയുടെ വിശ്വസ്ഥനായ സി രാജശേഖറിന്റെ പ്രതികരണം. പന്നീര്‍ശെല്‍വം പാര്‍ട്ടിയെ വഞ്ചിച്ചവനാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 11 എം.എല്‍.എമാരുടേയും 11 എം.പിമാരുടേയും മാത്രം പിന്തുണയാണ് പന്നീര്‍ശെല്‍വത്തിനുള്ളത്. അതിനിടെ എം.പിമാരെ തിരികെ ശശികല പക്ഷത്തേക്കു തന്നെ മടക്കിക്കൊണ്ടുവരുന്നതിനായി ടി.ടി.വി ദിനകരന്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്കു തുടക്കമിട്ടതായാണ് വിവരം. ജയലളിത പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്ന ശശികലയുടെ സഹോദരിയുടെ മകന്‍ ടി.ടി.വി ദിനകരനെ കഴിഞ്ഞ ദിവസം ശശികല പാര്‍ട്ടിയില്‍ തിരിച്ചെടുക്കുകയും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി നിയമിക്കുകയും ചെയ്തിരുന്നു. ജയലളിതയുടെ വിയോഗത്തോടെ മുഖ്യമന്ത്രി സ്ഥാനത്തെത്തിയ ഒപിഎസ്സിനെ തല്‍സ്ഥാനത്ത് നിന്നും നീക്കി ശശികല മുഖ്യമന്ത്രിയാകാന്‍ നടത്തിയ നീക്കങ്ങളാണ് സംസ്ഥാനത്തെ അധികാര വടംവലിക്ക് മുഖ്യകാരണം. ശശികലയ്‌ക്കെതിരെ തുറന്നടിച്ച് ഒ പന്നീര്‍ശെല്‍വം രംഗത്തെത്തിയതോടെ അണ്ണാ ഡിഎംകെയിലെ കലാപം പരസ്യമായത്.
Be the first to write a comment.