കെ.എ.മുരളീധരന്‍
തൃശൂര്‍: തനിക്ക് കവിത മനസിലല്ല, വിരല്‍തുമ്പിലാണെന്ന് ആറ്റൂര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഈ വരികളിലുണ്ട് ആറ്റൂര്‍ രവിവര്‍മ്മയെന്ന കവി. ആധുനിക മലയാള കവികളില്‍ ഭാഷയെ പുതുക്കിയ കവിയാണ് ആറ്റൂര്‍ രവിവര്‍മ്മ. സമകാലികരായ മാധവന്‍ അയ്യപ്പത്തും കക്കാടും അയ്യപ്പപണിക്കരും നഗരജീവിതത്തെ ഒരു രാവണന്‍ കോട്ടയിലെ ജീവിതമായി പലപ്പോഴും അവതരിപ്പിച്ചിട്ടുണ്ട്. ഇവര്‍ കൂടുതലും സംസ്‌കൃത ഭാഷാഭിമുഖ്യ മലയാളത്തില്‍ കവിതയെഴുതിയപ്പോള്‍ പച്ചമലയാളത്തില്‍ കവിതയെഴുതിയ കുണ്ടൂരും മലയാള പദങ്ങളെ പുതിയ ഒരു അര്‍ത്ഥ ഗൗരവത്തോടെ ഉപയോഗിച്ച എം. ഗോവിന്ദനും വിടര്‍ത്തിയ വഴിയിലൂടെയാണ് ആറ്റുര്‍ ചുവടുവെച്ചത്. പദ്യസ്വഭാവും ഗദ്യസ്വഭാവവുമുള്ള കവിതകളും ആറ്റൂര്‍ എഴുതി. ലളിതസുന്ദരമായ പദാവലിയല്ല, കല്ലും മുള്ളും പൂവും കിളികളും പുഴയും സഹവസിക്കുന്ന ഭാഷാശൈലിയാണ് ആറ്റൂരിന്റേത്. ആറ്റൂര്‍ കവിത വായിച്ചവര്‍ കവിതയില്‍ ലയിച്ചുറങ്ങുകയല്ല, മുറിപ്പെട്ട് ഉണരുകയാണ് ചെയ്തത്. സംക്രമണം, മേഘരൂപന്‍ എന്നീ കവിതകളിലൂടെയാണ് ആറ്റൂര്‍ തന്റെ സ്വത്വം അടയാളപ്പെടുത്തിയത്. പി. കുഞ്ഞിരാമന്‍ നായരെ കുറിച്ച് എഴുതി മേഘരൂപന്‍ കാളിദാസ പ്രതിഭയുടെ സ്പര്‍ശം പുരണ്ട കവിതയായിരുന്നു.
1970ലെ കാലത്ത് എഴുത്തുകാരില്‍ ഉണ്ടായ തീവ്രമനസ്സില്‍ നിന്നാണ് ആറ്റൂര്‍ കവിതകള്‍ പിറന്നത്. ആധുനിക കവിതകളുടെ ഗുണമാണ് അദ്ദേഹത്തിന്റെ പ്രശസ്തി. മൂല്യബോധത്താല്‍ സാഹിത്യത്തില്‍ നിറഞ്ഞ്‌നിന്ന അക്ഷര സമ്പത്തായിരുന്നു ആറ്റൂര്‍ കവിതകള്‍. വാക്കുകളുടെ സൂഷ്മതയാണ് ആറ്റൂര്‍ കവിതകളുടെ പ്രത്യേകത. മലബാര്‍ കൃസ്ത്യന്‍ കോളജിലെപഠന കാലത്ത് ആറ്റൂര്‍ വലിയ കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്നു. കാലക്രമത്തില്‍ അകന്നു. എം ഗോവിന്ദന്റെ കൂടെ ചേര്‍ന്നതോടെ അത് പൂര്‍ണ്ണമാക്കി. എം ഗോവിന്ദന്‍, എം.വി ദേവന്‍, എംജിഎസ്, എം.ഗംഗാധരന്‍ എന്നിവരുടെ കൂട്ടായ്മയില്‍ ആറ്റൂരും നിറ സാന്നിദ്ധ്യമായിരുന്നു. 140 കവിതകളാണ് ആറ്റൂരിന്റേതായി ആകെയുള്ളത്. കവിതയുടെ എണ്ണം കുറഞ്ഞതുപോലെ ആറ്റൂര്‍ എന്ന കവിയുടെ പൊതുചടങ്ങുകളിലെ സാന്നിധ്യവും കുറവായിരുന്നു.
2010ല്‍ ഉമ്മന്‍ചാണ്ടി മുഖ്യന്ത്രിയും കെ.സി ജോസഫ് സാംസ്‌കാരിക മന്ത്രിയുമായിരുന്ന കാലത്താണ് ആറ്റൂരിന് എഴുത്തച്ഛന്‍ പുരസ്‌കാരം സമ്മാനിച്ചത്. നാല് പതിറ്റാണ്ട് കവിതയില്‍ നിറഞ്ഞ് നിന്ന ആറ്റൂര്‍ വലിച്ച് വാരി എഴുതിയില്ല. വിവാദത്തിന് പിന്നാലെ പോയില്ല. എഴുത്തില്‍ മാത്രമല്ല സുഹൃത്തുക്കളെ തെരഞ്ഞെടുക്കുന്നതിലും അതുണ്ടായെന്ന് സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറിയായ ഡോ. പി.വി കൃഷ്ണന്‍ നായര്‍ ഓര്‍ക്കുന്നു.
സംഗീതത്തെ പ്രണയിച്ചിരുന്ന ഒരളായിരുന്നു ആറ്റൂര്‍. ചെന്നൈയില്‍ ത്യാഗ രാജ സംഗീതോത്സവത്തിന് സംഗീതം ആസ്വദിക്കാന്‍ പലവട്ടം പോയിരുന്നു. കര്‍ണ്ണാടക സംഗീതത്തില്‍ നല്ല ജ്ഞാനവുമുണ്ടായിരുന്നു. പ്രശസ്തമായ തമിഴ് വിവര്‍ത്തന പുസ്തകങ്ങളും അദ്ദേഹത്തിന്റെ പ്രതിഭ വിളിച്ചറിയിക്കുന്നു. സാംസ്‌കരിക തലസ്ഥാനത്തെ ജീവിതത്തില്‍ അദ്ദേഹം പൊതു രംഗത്ത് വളരെ കുറച്ചേ പ്രത്യക്ഷപ്പെട്ടിട്ടുള്ളു. എന്നും മറഞ്ഞിരിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. നിര്‍ബന്ധപൂര്‍വമായ സ്‌നേഹവിളികളില്‍ മാത്രമാണ് അദ്ദേഹം പൊതുചടങ്ങുകളില്‍ പങ്കെടുത്തിരുന്നത്. കവിതകളിലെ മിതത്വം തന്നെയായിരുന്നു ആറ്റൂരിന്റെ ജീവിതത്തിലും തെളിഞ്ഞുകണ്ടത്. രാഗമാലികാപുരത്തെ ശഹാന എന്നുപേരിട്ട വീട്ടില്‍ നിന്നും ആറ്റൂര്‍ പടിയിറങ്ങിമ്പോള്‍ കൂടെ ഇല്ലാതാകുന്നത് കവിതകളില്‍ പാറി പറന്ന് നടന്ന പച്ചക്കിളികള്‍ കൂടിയാണ്.