ഇന്ത്യാരാജ്യം ഇതേപടി നിലനില്‍ക്കണമോ വേണ്ടയോ എന്ന ചോദ്യത്തിനുള്ള പൗരന്റെ ഉത്തരമാണെന്ന് ഈ വോട്ടെടുപ്പ്. ഓരോവോട്ടും അമൂല്യമായി കരുതി പാഴാക്കാതെ സുചിന്തിതമായി രേഖപ്പെടുത്തണം. മതസാഹോദര്യ പാരമ്പര്യവും ബൃഹത്തായ മുന്നണി സംവിധാനവും കൊണ്ട് രാജ്യത്തിന് മാതൃക കാട്ടിയ സംസ്ഥാനമാണ് കേരളം. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള അഞ്ചു വര്‍ഷ ബി.ജെ.പി ഭരണം സ്വാതന്ത്ര്യത്തിനുശേഷം ഇതുവരെ കാണാത്ത രീതിയിലുള്ള കിരാത നടപടികളാണ് ജനങ്ങളുടെ മേല്‍ പരീക്ഷിച്ചത്. പാവപ്പെട്ടവരുടെ ധനം കവര്‍ന്നും തൊഴിലുകള്‍ നഷ്ടപ്പെടുത്തിയും സമ്പദ്‌വ്യവസ്ഥയെ താറുമാറാക്കി. വന്‍കിട കുത്തകകള്‍ക്ക് രാജ്യത്തെ തീറെഴുതിക്കൊടുത്തു. പിന്നാക്ക-ദലിത് വിഭാഗങ്ങളുടെയും മത ന്യൂനപക്ഷങ്ങളുടെയും മേല്‍ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്ക് താണ്ഡവമാടാന്‍ സൗകര്യമൊരുക്കി. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കേരളത്തെ പാക്കിസ്താനോട് ഉപമിച്ച അമിത്ഷായും മോദി വീണ്ടും വന്നാല്‍ ഇനിയൊരു തെരഞ്ഞെടുപ്പേ ഇല്ലെന്ന് പറയുന്ന ബി.ജെ.പി എം.പിയും ജനാധിപത്യത്തെയാണ് വെല്ലുവിളിക്കുന്നത്. പശുവിന്റെ പേരില്‍ മുഹമ്മദ് അഖ്‌ലാഖിനെയും പഹ്‌ലൂഖാനെയും പോലുള്ള സാധുമനുഷ്യരുടെ ജീവനെടുത്ത സംഘ്പരിവാര്‍ ഭീകരത ഇനിയും ഈ രാജ്യത്ത് അനുവദിക്കണമോ എന്ന ചോദ്യത്തിനാണ് ബാലറ്റിലൂടെ നാം ഉത്തരം നല്‍കേണ്ടത്. നാഗ്പൂരില്‍നിന്ന് നിയന്ത്രിക്കപ്പെടുന്ന ഭരണവ്യവസ്ഥയല്ല നമുക്ക് വേണ്ടതെന്ന് തീരുമാനിക്കാനുള്ള സന്ദര്‍ഭമാണിത്. 
കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിനെതിരെയും ഇടതുമുന്നണിയുടെ ജനദ്രോഹ ഭരണത്തിനെതിരെയുമുള്ള വിധിയെഴുത്ത് കൂടിയാവണമിത്. സംസ്ഥാനത്തെ 20 യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെയും നല്ല ഭൂരിപക്ഷത്തിന് വിജയിപ്പിക്കണം. കേരളത്തിന്റെ നന്മയിലേക്ക് വയനാട്ടില്‍ മല്‍സരിക്കാനെത്തിയ രാഹുല്‍ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തിപകരുന്നതുകൂടിയായിരിക്കണം ഓരോവോട്ടും.