ഹൈദരാബാദ്: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട് ന്യൂനമര്‍ദ്ദം ആന്ധ്രാതീരത്തടുത്തതിന് പിന്നാലെ ആരംഭിച്ച അതിതീവ്ര മഴയില്‍ ഹൈദരബാദില്‍ വെള്ളപ്പൊ്ക്കം. രണ്ട് ദിവസത്തെ ഇടവേളയ്ക്കുശേഷം തെലങ്കാനയില്‍ വീണ്ടും മഴ ശക്തമായത്.

ഹൈദരാബാദില്‍ രാത്രിയില്‍ ഉണ്ടായ കനത്ത മഴയില്‍ പരിസര പ്രദേശങ്ങളും നഗരവും വെള്ളത്തിനടിയിലായി. വെള്ളംപൊങ്ങിയതോടെ തെരുവുകള്‍ പ്രളയ ഭീഷണിയിലാണ്. ജനം ഒറ്റപ്പെട്ട അവസ്ഥയിലാണ്. റോഡുകള്‍ പുഴകളെ പോലെ ഒഴുകുന്ന നിലയാണ്. നിരവധി വാഹനങ്ങള്‍ വെള്ളത്തില്‍ ഒഴുകിപ്പോയി. വീടുകള്‍ വെള്ളത്തിലായതോടെ പലരും പുരപ്പുറത്ത കയറിനില്‍ക്കു്ന്ന നിലയാണ്. വാഹനങ്ങള്‍ ഒഴുകുന്നതും മറ്റുമായി ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.

മഴയെ തുടര്‍ന്ന് വെള്ളം ഉയര്‍ന്നതോടെ ഹൈദരാബാദ് ട്രാഫിക് പൊലീസ് ഫലക്നുമ പാലം അടച്ചു. എഞ്ചിന്‍ബോളി, മഹ്ബൂബ് നഗര്‍ ക്രോസ്‌റോഡില്‍ നിന്ന് ഫലക്നുമയിലേക്കുള്ള റോഡ് അടച്ചു. പിവിഎന്‍ആര്‍ എക്സ്പ്രസ് ഹൈവേയില്‍ നിന്ന് വിമാനത്താവളത്തിലേക്കുള്ള പഴയ കര്‍നൂള്‍ റോഡിലും വെള്ളപ്പൊക്കമുണ്ടായി.  ഹൈദരാബാദില്‍ ഒരാഴ്ചയ്ക്കുള്ളില്‍ മൂന്നാമത്തെ പ്രാവശ്യമാണ് വെള്ളം കരകവിഞ്ഞൊഴുകുന്നത്. നേരത്തെ ശക്തമായ മഴയെ തുടര്‍ന്ന് ഹൈദരബാദില്‍ അമ്പതിലേറെ പേര്‍ മരിച്ചിരുന്നു. ഒരാഴ്ചയായി തുടരുന്ന കനത്ത മഴയില്‍ ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടമുണ്ടാകുകയും ചെയ്തു.