ഹൈദരാബാദ്: കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ഹൈദരാബാദില്‍ ദുരിതത്തില്‍. കഴിഞ്ഞ ശനിയാഴ്ച തുടങ്ങിയ മഴ കനത്തതോടെ ജനവാസ കേന്ദ്രങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. മഴക്കെടുതിയെത്തുടര്‍ന്ന് ഇതുവരെ 50 പേരാണ് മരണപ്പെട്ടത്. ദിവസങ്ങളോളം തുടരുന്ന കനത്ത മഴയില്‍ സംസ്ഥാനത്ത് ഉണ്ടായ നാശനഷ്ടം 6,000 കോടിയിലധികമാണ്. ഒക്ടോബര്‍ 21 വരെ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ചൊവ്വാഴ്ചയുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് നഗരത്തില്‍ വെള്ളപ്പൊക്കമുണ്ടായിരുന്നു. എന്നാല്‍ ബുധനാഴ്ച മഴയ്ക്ക് ശമനമുണ്ടായിരുന്നു. പിന്നാലെ ശനിയാഴ്ച രാത്രി മഴ വീണ്ടും കനത്തതോടെ ഹൈദരാബാദ് വെള്ളത്തിലാവുകയായിരുന്നു. രാത്രിയിലും മഴ തുടരുന്ന നിലയില്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും ആളുകള്‍ കടുത്ത ബുദ്ധിമുട്ടാണ് അനുഭവിക്കുന്നു.

വെള്ളപ്പൊക്ക പ്രദേശങ്ങളിൽ നിന്നും ഇതുവരെ 2500 പേരെ രക്ഷപെടുത്തിയതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഇതിൽ 19 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച ബാലാപൂര്‍ തടാകം കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങിയിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ മൂന്നാമത്തെ പ്രാവശ്യമാണ് തടാകം കരകവിഞ്ഞൊഴുകുന്നത്.

ചില പ്രദേശങ്ങളിൽ 150 മില്ലീ മീറ്ററിൽ അധികമാണ് മഴ പെയ്തത്. ഇതുവരെ 5000 കോടിയുടെ നാശനഷ്ടം ഉണ്ടായെന്നാണ് കണക്കുകൂട്ടൽ.ജിഎച്ച്എംസിയുടെ രക്ഷാപ്രവർത്തകരും എൻഡിആർഎഫുമാണ് ദുരന്ത ബാധിത മേഖലയിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. എഐഎംഐഎം നേതാവും ഹൈദരാബാദ് എംപിയുമായ അസദ്ദുദീൻ ഒവൈസിയും പോലീസ് കമ്മീഷ്ണർ അജനി കുമാറും ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.