കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോളില്‍ കിരീടം തേടി ഗോകുലം കേരള ഇന്ന് മുഹമ്മദന്‍സിനെ നേരിടും. വൈകിട്ട് ഏഴ് മണിക്ക് സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തിലാണ് ആവേശപോരാട്ടം. ഒരു പോയിന്റ് മാത്രം അകലെ നില്‍ക്കുന്ന കേരള ക്ലബിന് കിരീടത്തിനായി മുഹമ്മദന്‍സിനെതിരേ സമനില മതിയാകും. മുഹമ്മദന്‍സിന് ജയിച്ചാല്‍ മാത്രമേ കിരീടം സ്വന്തമാക്കാന്‍ കഴിയൂ. കഴിഞ്ഞ മത്സരത്തില്‍ ശ്രീനിധി ക്ലബിനെതിരേ സമനിലയെങ്കിലും ലക്ഷ്യമാക്കി ഇറങ്ങിയ ഗോകുലം അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് കാത്തിരിപ്പ് നീണ്ടത്. 24 ന്യൂസിലും വണ്‍ സ്‌പോര്‍ട്‌സ് ചാനലിലും കളി തത്സമയമുണ്ടാകും. ലീഗ് ഘട്ടത്തില്‍ മുഹമ്മദന്‍സുമായി മത്സരിച്ചപ്പോള്‍ ഒരോഗോള്‍വീതം നേടി ഇരുടീമുകളും സമനിലപാലിച്ചിരുന്നു. ഗോകുലം കേരളയുടെ മുന്‍താരമായിരുന്ന മാര്‍ക്കസ് ജോസഫാണ് മുഹമ്മദന്‍സിന്റെ മുന്നേറ്റനിരയെ നയിക്കുന്നത്. മുഹമ്മദന്‍സ് ആക്രമത്തെ പ്രതിരോധിച്ച് നിര്‍ത്തുകയാണ് ഇന്ന് മലബാറിയന്‍സിന് മുന്നിലുള്ള പ്രധാനദൗത്യം. ശ്രീനിധിക്കെതിരേയുള്ള മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ ക്യാപ്റ്റനും മധ്യനിര താരവുമായ ഷരീഫ് മുഹമ്മദും നാല് മഞ്ഞ കാര്‍ഡ് ലഭിച്ച മലയാളി താരം എം.എസ് ജിതിനും ഇന്ന് ഗോകുലം നിരയിലുണ്ടാവില്ല. പരുക്കിന്റെ പിടിയിലായിരുന്നു സ്ലോവേനിയന്‍ താരം ലൂക്ക മെയ്‌സന്‍ ടീമില്‍ തിരിച്ചെത്തിയേക്കും. 17 മത്സരത്തില്‍ നിന്ന് 40 പോയിന്റാണ് ഗോകുലം കേരളയുടെ സമ്പാദ്യം. ഇത്രയും മത്സരത്തില്‍ നിന്ന് 37 പോയിന്റാണ് മുഹമ്മദന്‍സ് നേടിയിട്ടുള്ളത്.