ഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ജില്ലകളില്‍ ആറുമുതല്‍ എട്ടാഴ്ച വരെ അടച്ചിടല്‍ തുടരണമെന്ന് പ്രമുഖ പൊതുമേഖല മെഡിക്കല്‍ ഗവേഷണ സ്ഥാപനമായ ഐസിഎംആര്‍. രോഗ സ്ഥിരീകരണ നിരക്ക് പത്തുശതമാനത്തിന് മുകളിലുള്ള ജില്ലകള്‍ വരും ദിവസങ്ങളിലും അടഞ്ഞുതന്നെ കിടക്കണമെന്നാണ് ഐസിഎംആര്‍ നിര്‍ദേശിച്ചത്. കോവിഡ് വ്യാപനം തടയാന്‍ ഇത് ആവശ്യമാണെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കി.

നിലവില്‍ രാജ്യത്തെ ജില്ലകളില്‍ നാലില്‍ മൂന്നിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തുശതമാനത്തിന് മുകളിലാണ്. രാജ്യത്ത് 718 ജില്ലകളാണ് ഉള്ളത്. ഡല്‍ഹി, മുംബൈ, ബംഗളൂരു ഉള്‍പ്പെടെ വലിയ നഗരങ്ങളും അതിതീവ്ര കോവിഡ് വ്യാപനം നേരിടുന്ന പ്രദേശങ്ങളാണ്. അതിതീവ്ര വ്യാപനം നേരിടുന്ന ജില്ലകള്‍ അടഞ്ഞുതന്നെ കിടക്കണമെന്ന് ഐസിഎംആര്‍ തലവന്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

ഡല്‍ഹിയില്‍ കോവിഡ് വ്യാപനം കുറയുന്നുണ്ട്. ഒരു ഘട്ടത്തില്‍ 35 ശതമാനം വരെ എത്തിയിരുന്നു. എന്നാല്‍ ഇത് 17 ശതമാനമായി കുറഞ്ഞു. എന്നാല്‍ ഡല്‍ഹിയില്‍ നാളെ തന്നെ ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ അത് ദുരന്തമായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.