തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി ആക്രമിച്ചും മുന്‍ വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസ്. ഓഖി ദുരന്തത്തില്‍ എത്രപേര്‍ മരിച്ചുവെന്നോ എത്രപേര്‍ കടലില്‍ പെട്ടിട്ടുണ്ടെന്നോ ആര്‍ക്കുമറിയില്ല. ഇക്കാര്യത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ല. പണക്കാരുടെ മക്കളാണ് കടലില്‍ പോയതെങ്കില്‍ ഇതാകുമായിരുന്നോ പ്രതികരണമെന്നും ജേക്കബ് തോമസ് ചോദിച്ചു.

ഓഖി ദുരന്തം നേരിടുന്നതില്‍ സര്‍ക്കാറിന് വീഴ്ച പറ്റിയെന്ന ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാറിന്റെ ഭാഗമായ അദ്ദേഹത്തിന്റെ വിമര്‍ശനം. 1400 കോടിയുടെ സൂനാമി ഫണ്ട് വിനിയോഗിച്ചത് ശരിയായ രീതിയിലല്ല. അതു നന്നായി വിനിയോഗിച്ചിരുന്നെങ്കില്‍ ചെല്ലാനത്ത് ഇപ്പോള്‍ കാണുന്ന കാഴ്ച ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ കാര്യം നോക്കാന്‍ കഴിയാത്തവര്‍ എന്തിന് തുടരുന്നു എന്നാണ് ജനം ചോദിച്ചത്. ജനവിശ്വാസമുള്ള ഭരണാധികാരികള്‍ക്ക് ജനത്തിന്റെ അടുത്തുപോയി നില്‍ക്കാം. ജനങ്ങളാണ് യഥാര്‍ഥ അധികാരി. അഴിമതിക്കെതിരെ നിലകൊള്ളാന്‍ ജനങ്ങള്‍ പേടിക്കുന്നതിന് കാരണം ഇതാണ്. കേരളത്തില്‍ അഴിമതിക്കാര്‍ ഐക്യത്തിലാണ്. അവര്‍ക്ക് അധികാരമുണ്ട്. അഴിമതിവിരുദ്ധരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുകയാണ് ഇപ്പോള്‍ നടക്കുന്നത്. 51 വെട്ടു വെട്ടിയില്ലെങ്കിലും അവരെ നിശബ്ദരാക്കും. ഭീകരരുടെ രീതിയാണത്. സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗുണനിലവാരമില്ലാത്ത സേവനമായി ഭരണം മാറുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുതാര്യതയെക്കുറിച്ച് ഇപ്പോള്‍ ആരും മിണ്ടുന്നില്ല. അഴിമതി തുടര്‍ന്നാല്‍ ദരിദ്രര്‍ ദരിദ്രരായി തുടരുകയും കയ്യേറ്റക്കാര്‍ വമ്പന്‍മാരായി മാറുകയും ചെയ്യും. ഭരണം നിലവാരമില്ലാതാകുമ്പോഴാണ് വലിയ പ്രചാരണങ്ങള്‍ വേണ്ടിവരുന്നതെന്നും ജേക്കബ് തോമസ് പരിഹസിച്ചു. വിജിലന്‍സ് ഡയറക്ടറായിരിക്കെ സര്‍ക്കാരിന്റെ അപ്രീതിക്ക് പാത്രമായ ജേക്കബ് തോമസ് നിലവില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്ന സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐ.എം.ജി) ഡയറകട്‌റാണ്. കഴിഞ്ഞ ദിവസം ജേക്കബ് തോമസിനെതിരെ അനുമതിയില്ലാതെ സര്‍വീസ് സ്‌റ്റോറി എഴുതിയതിന് കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് ഈ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. സംഭവത്തില്‍ മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാര്‍ ഉള്‍പ്പടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പലരും അതൃപ്തി പ്രകടിപ്പിച്ചു. ഇതോടെയാണ് ഫയല്‍ മുഖ്യമന്ത്രി തിരിച്ചുവിളിച്ചതും നടപടി മയപ്പെടുത്താന്‍ തീരുമാനിച്ചതും. ജേക്കബ് തോമസിന്റെ പുസ്തകം ചട്ടലംഘനമെന്ന് മൂന്നംഗ സമിതി കണ്ടെത്തിയിരുന്നു.