പട്‌ന: ബിഹാറില്‍ നിയമസഭാ പ്രചാരണം കൊടുമ്പിരി കൊള്ളവെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് റെയ്ഡ്. പട്‌നയിലെ സദാഖത് ആശ്രമത്തിലാണ് ഇന്ന് വൈകിട്ട് റെയ്ഡ് നടത്തിയത്. ഇവിടെ നിന്ന് പണം പിടിച്ചെടുത്തതായി ന്യൂസ് 18 ഹിന്ദി റിപ്പോര്‍ട്ട് ചെയ്യുന്നു. റെയ്ഡ് ഒരു മണിക്കൂറോളം നീണ്ടു.

റെയ്ഡിന് പിന്നാലെ വിഷയത്തില്‍ പ്രതികണവുമായി ബിജെപി രംഗത്തെത്തി. വിഷയം ഗൗരവമായി കാണണമെന്ന് പാര്‍ട്ടി വക്താവ് പ്രേം രഞ്ജന്‍ പട്ടേല്‍ ആവശ്യപ്പെട്ടു.

ഓഫീസില്‍ നോട്ടീസ് പതിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ ശക്തി സിങ് ഗോഹില്‍, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരെ ചോദ്യം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്നത് രാഷ്ട്രീയ പകപോക്കലാണെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ബിഹാര്‍ നിയമസഭാ പോര് കടുത്തു നില്‍ക്കുന്ന സാഹചര്യത്തിലുണ്ടായ റെയ്ഡ് ആരോപണ-പ്രത്യാരോപണങ്ങള്‍ക്ക് വഴി വയ്ക്കുമെന്ന് തീര്‍ച്ചയാണ്. ആര്‍ജെഡിയും ഇടതു പാര്‍ട്ടികളും ഉള്‍പ്പെടുന്ന മഹാസഖ്യത്തിനൊപ്പമാണ് കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.