ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ചൈനയുടെ ഭീഷണിയെ നേരിടാന്‍ ഇന്ത്യന്‍ മിസൈല്‍. സബ്‌സോണിക് നിര്‍ഭയ് മിസൈലാണ് ഇന്ത്യ പുറത്തിറക്കിയത്. 1000 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലാണിത്. ഏത് കാലാവസ്ഥയിലും ഈ കിലോമീറ്റര്‍ പരിധി ലഭിക്കും. അതിനാല്‍ തന്നെ ടിബറ്റ് വരെ ഈ മിസൈല്‍ വഴി ഇന്ത്യക്ക് എത്താനാവും. ഭൗമോപരിതലത്തില്‍ നിന്ന് നൂറു മീറ്റര്‍ മുതല്‍ നാലു കിലോമീറ്റര്‍ വരെ ഉയരത്തില്‍ പറക്കാനുള്ള ശേഷിയുണ്ട് ഇതിന്.

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടനയാണ് നിര്‍ഭയ് മിസൈല്‍ വികസിപ്പിച്ചത്. ഏഴു വര്‍ഷത്തിന്റെ ശ്രമഫലമായാണ് മിസൈല്‍ നിര്‍മിച്ചത്. ഇതിന്റെ ആദ്യ വിന്യാസമാണ് ഇപ്പോള്‍ നടത്തിയത്. കൂടുതല്‍ വിന്യാസങ്ങള്‍ തുടര്‍ന്ന് നടത്തും.

ടിബറ്റിലും സിന്‍ജിയാങ്ങിലും കരയില്‍ നിന്ന് ആകാശത്തേക്ക് തൊടുത്തു വിടാവുന്ന മിസൈലുകളാണ് ചൈന വിന്യസിച്ചിരിക്കുന്നത്. ഇതിനെ പ്രതിരോധിക്കാനാണ് ഇന്ത്യ നിര്‍ഭയ് മിസൈലുകളെ ഒരുക്കിയിരിക്കുന്നത്. ഗുരുതരമായ സാഹചര്യങ്ങളില്‍ മാത്രമാണ് ഈ മിസൈലുകള്‍ പ്രയോഗിക്കുക. നിര്‍ഭയ് മിസൈലുകള്‍ക്കു പുറമെ കഠിനമായ തണുപ്പു കാലത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ടാങ്കറുകളും യുദ്ധ വാഹനങ്ങളും ഇന്ത്യന്‍ സൈനികര്‍ സജ്ജീകരിച്ചിട്ടുണ്ട്.