ന്യൂസിലാന്റിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് ആറ് റണ്‍സ് തോല്‍വി. ഒമ്പതാം വിക്കറ്റില്‍ ഹര്‍ദിക് പട്ടേലും- ഉമേഷ് യാദവും നടത്തിയ പോരാട്ടത്തില്‍ ജയത്തിനടുത്ത് വരെ എത്തിയ ശേഷമാണ് ഇന്ത്യ കീഴടങ്ങിയത്. സ്‌കോര്‍: ന്യൂസിലാന്റ്: 242/9, ഇന്ത്യ: 236 ഓള്‍ഔട്ട് (49.3over)

എട്ടാം വിക്കറ്റും നഷ്ടമാവുമ്പോള്‍ ഇന്ത്യ ജയത്തില്‍ നിന്ന് 59 റണ്‍സ് അകലെയായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ഒമ്പതാം വിക്കറ്റില്‍ ഹര്‍ദിക് പാണ്ഡ്യയും ഉമേഷ് യാദവും തകര്‍ത്തടിച്ചതോടെ ഇന്ത്യ ജയത്തിനരികിലെത്തി. പക്ഷെ അനുഭവ സമ്പന്നനായ ട്രെന്റ് ബോള്‍ട്ടിന്റെ രണ്ടാം വരവില്‍ ഹര്‍ദിക് (36)പുറത്തായതോടെ ഇന്ത്യ തോല്‍വി വഴങ്ങുകയായിരുന്നു. അവസാന ഓവറില്‍ ജയിക്കാന്‍ 11 റണ്‍സ് വേണമെന്നിരിക്കെ ഇന്ത്യക്ക് 4 റണ്‍സ് ചേര്‍ക്കാനേ കഴിഞ്ഞൂള്ളൂ. ഉമേഷ് യാദവ് (18) പുറത്താവാതെ നിന്നു.

നേരത്തെ 73/4 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ കേദാര്‍ യാദവ്(41), ക്യാപ്റ്റന്‍ ധോണി(39) എന്നിവര്‍ ചേര്‍ന്നാണ് കരകയറ്റിയത്.

ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്റെ സെഞ്ച്വറി മികവിലാണ് 242 റണ്‍സിലെത്തിയത്. ടോം ലഥാം 46 റണ്‍സെടുത്ത ക്യാപ്റ്റന് ഉജ്വല പിന്തുണ നല്‍കി.