ചെന്നൈ: ഗബ്ബയിലും, സിഡ്നിയിലും നാലാം ഇന്നിങ്സില്‍ ചെറുത്ത് നിന്ന് എത്തിയ ഇന്ത്യക്ക് ചെന്നൈയില്‍ പിഴച്ചു. ചെന്നൈ ടെസ്റ്റില്‍ ഇന്ത്യക്ക് 227 റണ്‍സിന്റെ തോല്‍വി. 420 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യന്‍ ഇന്നിങ്സ് 192ല്‍ അവസാനിച്ചു.

ഇതോടെ നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുമ്പിലെത്തി. ജാക്ക് ലീച്ചും, ആന്‍ഡേഴ്സനും വിക്കറ്റ് വേട്ടയുമായി നിറഞ്ഞതോടെ സമനില എന്ന സാധ്യത ഇന്ത്യയുടെ കൈകളില്‍ നിന്ന് അകലുകയായിരുന്നു. 72 റണ്‍സ് എടുത്ത നിന്ന നായകന്‍ വിരാട് കോഹ്‌ലി ഇന്ത്യന്‍ സ്‌കോര്‍ 179ല്‍ നില്‍ക്കെ മടങ്ങിയതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചു.

ജാക്ക് ലീച്ച് നാലും, ആന്‍ഡേഴ്സന്‍ മൂന്നും, ഡോം ബെസ്, ബെന്‍ സ്റ്റോക്ക്സ്, ആര്‍ച്ചര്‍ എന്നിവര്‍ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സില്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഒന്നാം ഇന്നിംഗ്‌സില്‍ ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ ഇരട്ടസെഞ്ച്വറിയുടെ മികവിലായിരുന്നു ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തിയത്. ജോ റൂട്ട് തന്നെയാണ് മാന്‍ ഓ ദി മാച്ച്.