ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിന് ഇന്ന് ആരംഭം. ഇന്ത്യന്‍ സമയം രാത്രി എട്ടു മണിക്കാണ് മത്സരം തുടങ്ങുക. ആദ്യ മത്സരത്തില്‍ വിന്‍ഡീസിനെതിരെ 318 റണ്‍സിന് ഇന്ത്യ ജയിച്ചിരുന്നു.

ബുമ്ര, ഇഷാന്ത് ഷര്‍മ, കോഹ്ലി, രഹാനെ എന്നിവരുടെ ആദ്യ ടെസ്റ്റിലെ മികവ് ആവര്‍ത്തിച്ചാല്‍ രണ്ടാം ടെസ്റ്റിലും ഇന്ത്യക്ക് ജയം അനായാസമാകും. നേരത്തെ ഏകദിന, ട്വന്റി ട്വന്റി മത്സരങ്ങള്‍ ഇന്ത്യ നേടിയിരുന്നു. ടെസ്റ്റ് പരമ്പര കൂടി നേടി തലയെടുപ്പോടെ വിന്‍ഡീസില്‍ നിന്നു മടങ്ങാനായിരിക്കും ഇന്ത്യ ശ്രമിക്കുക.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയ ശേഷമുള്ള ഇന്ത്യയുടെ രണ്ടാമത്തെ മത്സരം കൂടിയാണിത്. ആദ്യ ജയത്തോടെ 60 പോയിന്റുകള്‍ നേടി ഇന്ത്യ ഒന്നാമതാണ്.

അതേ സമയം ഈ ടെസ്റ്റു കൂടി ജയിച്ചാല്‍ കോലിയെ തേടിയെത്തുന്നത് മറ്റൊരു റെക്കോര്‍ഡു കൂടിയാണ്. ക്യാപ്റ്റന്‍ എന്ന നിലയില്‍ ഇന്ത്യയെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരം ജയിപ്പിച്ച താരമെന്ന പകിട്ടു കൂടി ചാര്‍ത്തിക്കിട്ടും. നിലവില്‍ 27 ജയങ്ങളുമായി മുന്‍ ക്യാപ്റ്റന്‍ ധോനിക്കൊപ്പമാണ് ക്യാപ്റ്റനെന്ന നിലയില്‍ കോലി.