സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിലും ഇന്ത്യ പരാജയ ഭീതിയില്‍. മത്സരത്തിന്റെ അവസാന ദിനമായ ഇന്ന് ഏഴ് വിക്കറ്റുകള്‍ കൂടി കയ്യിലിരിക്കെ 252 ആണ് സന്ദര്‍ശകര്‍ക്ക് വിജയലക്ഷ്യം. 35 റണ്‍സിനിടെ മൂന്ന് മുന്‍നിര ബാറ്റ്‌സ്മാന്മാരെ മടക്കിയ ദക്ഷിണാഫ്രിക്കയുടെ പേസ് ആക്രമണത്തെ ഇന്ത്യ എങ്ങനെ പ്രതിരോധിച്ചു നില്‍ക്കും എന്നതാണ് ഇന്നത്തെ വലിയ ചോദ്യം.

ഒന്നാം ഇന്നിങ്‌സില്‍ 28 റണ്‍സ് വഴങ്ങിയ ഇന്ത്യ ആതിഥേയരുടെ രണ്ടാം ഇന്നിങ്‌സ് ഇന്നലെ 258-ല്‍ അവസാനിപ്പിച്ചിരുന്നു. നാലു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും രണ്ടു പേരെ പുറത്താക്കിയ ജസ്പ്രിത് ബുംറയുമടങ്ങുന്ന പേസ് നിരയുടെ മികച്ച ബൗളിങാണ് ദക്ഷിണാഫ്രിക്കയെ വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നു തടഞ്ഞത്. രണ്ടിന് 90 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കക്ക് എ.ബി ഡിവില്ലിയേഴ്‌സും (80) ഡീന്‍ എല്‍ഗറും (61) തമ്മിലുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് നിര്‍ണായകമായത്. പിന്നീട് ഫാഫ് ഡുപ്ലസ്സിയും (48) വെര്‍നന്‍ ഫിലാന്ററും (26) കാഴ്ചവെച്ച മികച്ച ബാറ്റിങും ആതിഥേയര്‍ക്ക് അനുകൂലമായി.

സെഞ്ച്വറിയിലേക്ക് നീങ്ങുകയാരുന്ന ഡിവില്ലിയേഴ്‌സിനെ പുറത്താക്കി ഷമിയാണ് ഇന്നലെ വഴിത്തിരിവുണ്ടാക്കിയത്. അപകടകാരികളായ എല്‍ഗറിനെയും ക്വിന്റണ്‍ ഡികോക്കിനെയും (12) ഷമി തന്നെ മടക്കി. ഇശാന്ത് ശര്‍മ രണ്ടും അശ്വിനും ഒന്നും വിക്കറ്റെടുത്തു.

287 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യക്ക് മുരളി വിജയ് (9), ലോകേഷ് രാഹുല്‍ (4), ക്യാപ്ടന്‍ വിരാട് കോലി (5) എന്നിവരെയാണ് നഷ്ടമായത്. കഗിസോ റബാഡ വിജയിനെ വീഴ്ത്തി വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടപ്പോള്‍ ലുങ്കി എന്‍ഗിഡി തുടര്‍ന്നുള്ള വിക്കറ്റുകള്‍ വീഴ്ത്തി. സ്റ്റംപെടുക്കുമ്പോള്‍ ചേതേശ്വര്‍ പുജാരയും (11) പാര്‍ത്ഥിവ് പട്ടേലും (5) ആണ് ക്രീസില്‍.

കേപ്ടൗണ്‍ ടെസ്റ്റില്‍ തോറ്റിരുന്നതിനാല്‍ മൂന്നു മത്സര പരമ്പര നഷ്ടമാവാതിരിക്കാന്‍ ഇന്ത്യക്ക് ഇന്ന് സമനിലയെങ്കിലും ആവശ്യമാണ്. എന്നാല്‍, പേസര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന അഞ്ചാം ദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ നാല് പേസ് ബൗളര്‍മാരെ എങ്ങനെ പ്രതിരോധിച്ചു നിര്‍ത്തും എന്നതിനെ ആശ്രയിച്ചായിരിക്കും സന്ദര്‍ശകരുടെ സാധ്യതകള്‍. ശേഷിക്കുന്ന മൂന്നു വിക്കറ്റ് കൂടി വീഴ്ത്തി പരമ്പര സ്വന്തമാക്കുകയാവും ആതിഥേയരുടെ ലക്ഷ്യം.