ഡല്‍ഹി: ഇന്ത്യയെ കാത്തിരിക്കുന്നത് കനത്ത സാമ്പത്തിക ആഘാതമെന്ന് ഐഎംഎഫിന്റെ റിപ്പോര്‍ട്ട്. ഇന്ത്യയുടെ ജിഡിപി 10.3 ശതമാനത്തോളം ചുരുങ്ങുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ ജിഡിപി ബംഗ്ലാദേശിനെക്കാള്‍ താഴെ പോകുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ചൊവ്വാഴ്ച പുറത്ത് വിട്ട വേള്‍ഡ് ഇക്കണോമിക്ക് ഔട്ട്‌ലുക്കിലാണ് ഐഎംഎഫ് ഇക്കാര്യം വ്യക്തമാക്കിയത്.

ഐഎംഎഫ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ മോദി സര്‍ക്കാരിനെ രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. ബംഗ്ലാദേശ് വരെ ഇന്ത്യയെ മറികടക്കുന്ന സ്ഥിതിയാക്കിയതാണ് ആറുവര്‍ഷത്തെ ബിജെപി സര്‍ക്കാരിന്റെ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു.ബ്രസീലിന്റെ സമ്പദ് വ്യവസ്ഥ 5.8 ശതമാനവും റഷ്യയുടേത് 4.1 ശതമാനവും ദക്ഷിണാഫ്രിക്കയുടേത് 8.0 ശതമാനവും ചുരുങ്ങുമ്പോള്‍ ചൈനയുടേത് 1.9 ശതമാനം വളര്‍ച്ചയുണ്ടാക്കുമെന്നും ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പ്രവചിക്കുന്നു.

കോവിഡിനൊപ്പം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പല നടപടികളും സാമ്പത്തിക രംഗത്തെ ആഘാതത്തിന് ആക്കം കൂട്ടിയെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.