ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവാ ദ്വീപില്‍ കനത്ത നാശനഷ്ടം വിതച്ച് ചുഴലിക്കാറ്റ്. ശക്തമായ ചുഴലിക്കാറ്റില്‍ 19 പേര്‍ മരണപ്പെട്ടു. ചെമ്പകയിലും ജാവായിലുമാണ് പ്രളയം കനത്തത്. ജാവയില്‍ 15 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ചെമ്പകയില്‍ നാല് പേരുടെ ജീവനാണ് പ്രളയം കവര്‍ന്നത്. ആയിരക്കണക്കിന് വീടുകള്‍ വെള്ളത്തിലായി. ഹെക്ടര്‍ കണക്കിന് കാര്‍ഷിക മേഖല വെള്ളത്തില്‍ അമര്‍ന്നതായും പൊതുസേവനം താറുമാറായതായും വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കി.
ചൊവ്വാഴ്ച കൊടുങ്കാറ്റിനുശേഷം വെള്ളപ്പൊക്കം ഉണ്ടായതിനാല്‍ റോഡുകളും, ഗ്രാമങ്ങളും, വീടുകളും വെള്ളത്തിനടിയിലാണ്. മണ്ണിടിച്ചിലില്‍ അകപ്പെട്ട് കൂടുതല്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നതായും, നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായതായും അധികൃതര്‍ അറിയിച്ചു. സമീപത്തുള്ള രണ്ടു വിമാനത്താവളം താല്‍ക്കാലികമായി അടച്ചിരുന്നു. എന്നാല്‍ വീണ്ടും തുറന്നു. അഗ്‌നിപര്‍വ്വത സ്‌ഫോടനത്തിന്റെ ഭയത്തില്‍ ഇന്തോനേഷ്യയിലെ വിമാന സര്‍വീസുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
പ്രളയത്തെ തുടര്‍ന്ന് ചെമ്പകയില്‍ ക്ഷാമം കടുത്തു. പ്രളയം പലരുടെയും സാധന സാമഗ്രികളും സമ്പാദ്യങ്ങളും കവര്‍ന്നിരിക്കുകയാണ്. മറ്റു രാജ്യങ്ങളോട് രാജ്യം സഹായം തേടിയിട്ടുണ്ട്. ഇന്തോനേഷ്യയില്‍ തുടര്‍ച്ചയായി പ്രളയവും പ്രകൃതി ക്ഷോഭങ്ങളും അരങ്ങേറുകയാണെന്നും വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കി. കഴിഞ്ഞയിടെ ബാലിയിലുണ്ടായ പ്രളയത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. സെപ്റ്റംബറില്‍ ഗാരൂത്തിലുണ്ടായ മറ്റൊരു പ്രളയത്തില്‍ 30 പേരാണ് കൊല്ലപ്പെട്ടത്.