സോറോങ്/ഇന്തോനേഷ്യ: കര്‍ഷകനെ മുതല ആക്രമിച്ചതില്‍ രോഷാകുലരായ നാട്ടുകാര്‍ മുന്നൂറോളം മുതലകളെ കൊന്നൊടുക്കി. ഇന്തോനേഷ്യയിലെ പപുവ പ്രവിശ്യയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രദേശത്തെ മുതല സംരക്ഷണ കേന്ദ്രത്തിനരികില്‍ കന്നുകാലികള്‍ക്ക് പുല്ല് ശേഖരിക്കുന്നതിനിടയില്‍ കര്‍ഷകനായ സുഗിറ്റോ സംരക്ഷണകേന്ദ്രത്തിന്റെ വേലിക്കുള്ളില്‍ അകപ്പെടുകയായിരുന്നു. കാലില്‍ മുതലയുടെ കടിയേറ്റ സുഗിറ്റോ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മുതലയുടെ വാലുകൊണ്ടുള്ള അടിയേറ്റ് മരിക്കുകയായിരുന്നു.

ഇതില്‍ രോഷാകുലരായ നാട്ടുകാര്‍ മുതല സംരക്ഷണ കേന്ദ്രത്തിലെത്തി 292 മുതലകളെ ആക്രമിച്ച് കൊല്ലുകയായിരുന്നു. രണ്ട് മീറ്ററോളം നീളമുള്ള മുതലകളും കുഞ്ഞുങ്ങളും കൊന്നൊടുക്കിയവയില്‍ പെടും. ഇന്തോനേഷ്യയില്‍ മുതലകളുടെ ആക്രമണത്തില്‍ ആളുകള്‍ മരിക്കുന്നത് സാധാരണയാണ്.