തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ഇ.പി ജയരാജന്‍ എം.എല്‍.എ, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ എന്നിവര്‍ക്ക് ആര്‍.എസ്.എസ് ഭീഷണിയുള്ളതായി രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് നല്‍കി. ഈ സാഹചര്യത്തില്‍ കോടിയേരിക്ക് നല്‍കുന്ന ഇസഡ് കാറ്റഗറി സുരക്ഷയും ജയരാജന് നല്‍കുന്ന എക്‌സ് കാറ്റഗറി സുരക്ഷയും തുടരണമെന്ന് ഇന്റലിജന്‍സ് എ.ഡി.ജി.പി മുഹമ്മദ് യാസിന്‍ പറഞ്ഞു. ആഭ്യന്തര വകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പി.ജയരാജന് നിലവിലുള്ള വൈ പ്ലസ് സുരക്ഷ തുടരണമെന്നും ശുപാര്‍ശയുണ്ട്. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷാഭീഷണിയുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നില്ല. എന്നാല്‍ മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ എതിരാളികളില്‍ നിന്ന് ഭീഷണി ഉള്ളതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.