കഴിഞ്ഞ കുറച്ച് നാളുകളായി ഐഫോണ്‍ പ്രേമികളുടെ ഇടയിലും ടെക്‌നോളജി വിപണിയിലും ഉയര്‍ന്നു കേള്‍ക്കുന്ന പ്രധാന ചോദ്യങ്ങളിലൊന്നായിരുന്നു ഐഫോണ്‍ 12 എന്നാണ് വിപണിയിലെത്തുകയെന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തതില്‍ വൈകിയ ലോഞ്ചിംങ്ങ് ഈ മാസം അവസാന വാരത്തോടെ ആപ്പിള്‍ അവതരിപ്പിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് പരിപാടി ഓക്ടോബര്‍ രണ്ടാം വാരവെ ഉണ്ടാകുവെന്നാണ്.

ജോണ്‍ പ്രോസര്‍, ആപ്പിള്‍ ഇന്‍സൈഡര്‍, മാക്‌റൂമേഴ്‌സ് എന്നീ വെബ്‌സൈറ്റുകളുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓക്ടോബര്‍ 13നായിരിക്കും കമ്പനി പുതിയ ഫോണുകള്‍ അവതരിപ്പിക്കുക. ഒക്ടോബര്‍ 16 മുതല്‍ തന്നെ പ്രീഓര്‍ഡറുകള്‍ സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതോടൊപ്പം ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി എന്നീ മോഡലുകള്‍ ഒക്ടോബര്‍ 23ന് വിപണിയിലെത്തുമെന്നും ഐഫോണ്‍ 12പ്രോ, ഐഫോണ്‍ 12 പ്രോ മാക്‌സ് എന്നീ മോഡലുകള്‍ നവംബറിലായിരിക്കും എത്തുകയെന്നും പറയപ്പെടുന്നു.

എന്തായാലും പുതിയ ഐഫോണിനായുള്ള കാത്തിരിപ്പിലാണ് ഉപഭോക്താക്കള്‍. ഈ വര്‍ഷം ആപ്പിള്‍ സംഘടിപ്പിക്കുന്ന രണ്ടാമത്തെ ഇവന്റായിരിക്കും ഇത്. നേരത്തെ ഏപ്രിലില്‍ നടത്തിയ ചടങ്ങില്‍ പുതിയ ആപ്പിള്‍ വാച്ച് സീരീസ് 6, ആപ്പിള്‍ വാച്ച് എസ്ഇ, ഐപാഡ് എയര്‍ 4, ഐപാഡ് എട്ടാം ജെന്‍ ആപ്പിള്‍ വണ്‍ സബ്‌സ്‌ക്രിപ്ഷനും അവതരിപ്പിച്ചിരുന്നു.ഐഫോണ്‍ 12 സീരിസില്‍ നാല് മോഡലുകള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.