പനാജി: ഐഎസ്എലില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ബംഗളൂരു എഫ്‌സിക്ക് ഒരു ഗോള്‍ ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ചെന്നൈയെ കീഴടക്കിയത്. ബംഗളൂരു നായകന്‍ സുനില്‍ ഛേത്രിയാണ് വിജയഗോള്‍ നേടിയത്. സീസണില്‍ ബെംഗളൂരു നേടുന്ന ആദ്യ വിജയമാണിത്. ചെന്നൈയിനാകട്ടെ സീസണിലെ ആദ്യ തോല്‍വിയും.

56ാം മിനിറ്റില്‍ ബംഗളൂരുവിന് കിട്ടിയ പെനാല്‍ട്ടിയാണ് വിജയത്തിലേക്ക് നയിച്ചത്. ബോക്‌സിനുള്ളില്‍ മലയാളി താരം ആഷിഖ് കുരുണിയനെ ഫൗള്‍ ചെയ്തതിനാണ് പെനാല്‍ട്ടി ലഭിച്ചത്. കിക്കെടുത്ത നായകന്‍ സുനില്‍ ചേത്രി മികച്ച ഒരു ഷോട്ടിലൂടെ പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് പന്ത് ഉരുട്ടി വിട്ടു.

ആദ്യ പകുതിയില്‍ ഗോളുകള്‍ ഒന്നും പിറന്നില്ല. ബംഗളൂരുവിന്റെ സുരേഷ് വാങ്ജം ആണ് ഹീറോ ഓഫ് ദ മാച്ച്. മികച്ച പോരാട്ടം കണ്ട മത്സരത്തിലെ എട്ടാം മിനിറ്റില്‍ തന്നെ മലയാളി താരം ആഷിഖ് കുരുണിയന് റഫറി മഞ്ഞക്കാര്‍ഡ് നല്‍കി. 15ാം മിനിട്ടില്‍ ചെന്നൈയിന്റെ കുന്തമുന അനിരുദ്ധ് ഥാപ്പ പരിക്കേറ്റ് പുറത്തായി. ആഷിഖുമായി കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന് കണങ്കാലിന് പരിക്കേറ്റാണ് താരം മടങ്ങിയത്. ഇത് ചെന്നൈയ്ക്ക് വലിയ തിരിച്ചടിയായി.