വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരത്തില്‍ എ.ടി.കെ മോഹന്‍ ബഗാന് വിജയം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് ബഗാന്‍ കീഴടക്കിയത്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം. ഇതോടെ ഇരുപാദങ്ങളിലുമായി 3-2 എന്ന സ്‌കോറിന് മോഹന്‍ ബഗാന്‍ ഫൈനല്‍ ബെര്‍ത്തുറപ്പിച്ചു.

മോഹന്‍ ബഗാന് വേണ്ടി ഡേവിഡ് വില്യംസും മന്‍വീര്‍ സിങ്ങും ഗോള്‍ നേടിയപ്പോള്‍ നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോള്‍ മലയാളി താരം വി.പി.സുഹൈര്‍ നേടി. ആദ്യ പാദ മത്സരത്തില്‍ ഇരുടീമുകളും 1-1 എന്ന സ്‌കോറില്‍ സമനിലയില്‍ പിരിഞ്ഞിരുന്നു. മാര്‍ച്ച് 13 ന് നടക്കുന്ന ഫൈനലില്‍ എ.ടി.കെ മോഹന്‍ ബഗാന്‍ മുംബൈ സിറ്റി എഫ്.സിയെ നേരിടും. പോയന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ടീമുകള്‍ തന്നെ ഇത്തവണ ഫൈനലില്‍ പ്രവേശിച്ചു എന്നത് കൗതുകകരമായ കാര്യമാണ്. മോഹന്‍ ബഗാന്റെ മന്‍വീര്‍ സിങ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ചായി തെരെഞ്ഞെടുക്കപ്പെട്ടു.