ടെല്‍അവീവ്: ഇസ്രാഈലിലെയും അധിനിവിഷ്ട കിഴക്കന്‍ ജറൂസലമിലെയും മുസ്്‌ലിം പള്ളികളില്‍നിന്ന് നമസ്‌കാര സമയം അറിയിക്കുന്നതിന് ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നതിന്് വിലക്കേര്‍പ്പെടുത്തുന്ന ബില്ലിന് ഇസ്രാഈല്‍ പാര്‍ലമെന്റിന്റെ പ്രാഥമിക അനുമതി. ശക്തമായ വാഗ്വാദങ്ങള്‍ക്കൊടുവില്‍ നടത്തിയ വോട്ടെടുപ്പില്‍ 55 പേര്‍ ബില്ലിന് അനുകൂലിച്ചപ്പോള്‍ 48 അംഗങ്ങള്‍ എതിര്‍ത്തു. വംശീയ വിദ്വേഷ പ്രേരിതമാണ് ബില്ലെന്ന് പാര്‍ലമെന്റിലെ ഫലസ്തീന്‍ അംഗങ്ങള്‍ പറഞ്ഞു. ഇസ്രാഈലിലെ ഫലസ്തീന്‍ ന്യൂനപക്ഷത്തിനെതിരെയുള്ള യുദ്ധപ്രഖ്യാപനമാണ് ഇതെന്ന് ഫലസ്തീന്‍ അംഗം അഹ്മദ് തിബി പറഞ്ഞു.

അയ്മന്‍ ഒദെഹ് എന്ന ഫലസ്തീന്‍ അംഗം പ്രതിഷേധ സൂചകമായി ബില്‍ വലിച്ചുകീറി. എന്നാല്‍ മുസ്്‌ലിം പള്ളികള്‍ക്ക് സമീപം താമസിക്കുന്നവരെ ശബ്ദ മലിനീകരണത്തില്‍നിന്ന് രക്ഷിക്കാനാണ് ബില്‍ ലക്ഷ്യമിടുന്നതെന്ന് ഇസ്രാഈല്‍ ഭരണകൂടം പറയുന്നു. പുലര്‍ച്ചെ ഉച്ചഭാഷണിയിലൂടെയുള്ള ബാങ്ക് വിളി ആളുകളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നുവെന്നാണ് ബില്ലിനെ അനുകൂലിക്കുന്നവരുടെ പ്രധാന വാദം. ഇസ്രാഈലിലെ ഫലസ്തീന്‍ മുസ്്‌ലിംകളുടെ മൗലികാവകാശങ്ങള്‍ അടിച്ചമര്‍ത്താനാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് ബില്ലിനെ എതിര്‍ക്കുന്നവര്‍ ആരോപിക്കുന്നു.
ബില്ലിനെ തുര്‍ക്കിയും ജോര്‍ദാനും അപലപിച്ചു. ജറൂസലമിലെ മുസ്്‌ലിം പുണ്യകേന്ദ്രങ്ങള്‍ സംരക്ഷിക്കുന്നതില്‍ ജോര്‍ദാനുള്ള പങ്കിനെ അംഗീകരിക്കുന്ന സമാധാന കരാറിന്റെ ലംഘനമാണ് ഇതെന്ന് ജോര്‍ദാന്‍ വക്താവ് മുഹമ്മദ് മൊമാനി പറഞ്ഞു. ബില്‍ അംഗീകരിക്കാനാവില്ലെന്ന് തുര്‍ക്കി മതകാര്യ മേധാവി മെഹ്മത് ഗോര്‍മസ് വ്യക്തമാക്കി. ബില്ലിനെ ലംഘിച്ച് ജറൂസലമിലെ മുസ്്‌ലിം സമൂഹം ഒന്നടങ്കം ബാങ്കു വിളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫലസ്തീനികളെ അടിച്ചൊതുക്കാനുള്ള റാസിസ്റ്റ് ബില്ലാണ് ഇതെന്ന് ഇസ്രാഈല്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നജ്‌വാന്‍ ബറെക്ദാര്‍ കുറ്റപ്പെടുത്തി. ബില്ലിന്റെ പ്രാഥമിക അവതരണം മാത്രമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. ഇനി മൂന്നു തവണ കൂടി പാര്‍ലമെന്റിന്റെ പരിഗണനക്കു വന്ന ശേഷമേ ബില്‍ നിയമമാകൂ. നിയമം ലംഘിക്കുന്നവര്‍ക്ക് 2700 ഡോളര്‍ പിഴ ചുമത്തും. 1967ലെ യുദ്ധത്തില്‍ അന്തരാഷ്ട്ര നിയമങ്ങളെ ധിക്കരിച്ച് ഇസ്രാഈല്‍ പിടിച്ചടക്കിയ കിഴക്കന്‍ ജറൂസലമിനെയും ബില്ലിന്റെ പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട്.