ജയിലില്‍ നിന്ന് ഭര്‍ത്താവിന്റെ ബീജം കടത്തി ഗര്‍ഭം ധരിച്ച യുവതി പ്രസവിച്ചു. മധ്യ ഇസ്രയേലിലെ തിറ നഗരത്തില്‍ നിന്നുള്ള സനാ സല്‍മ എന്ന അറബ് യുവതിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ഇസ്രയേലി ജയിലില്‍ ജീവപര്യന്തം തടവു ശിക്ഷ അനുഭവിക്കുന്ന വാലിദ് ദഖയാണ് കുഞ്ഞിന്റെ പിതാവ്.

ഭീകരവാദ കേസ് ചുമത്തി 1986ല്‍ വാലിദ് ദഖയെ ഇസ്രയേല്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. തടവിലായി 13 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സനയുമായി വാലിദ് ദഖ പരിചയത്തിലാവുന്നത്. ഫലസ്തീനി തടവു പുള്ളികളുടെ ജീവിതം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ജേണലിസ്റ്റായ സനാ സല്‍മയുമായുള്ള പരിചയം പിന്നീട് പ്രണയമായി. 199ല്‍ ജയിലിലുള്ള വാലിദ് ദഖയും പുറത്തുള്ള സനയും തമ്മില്‍ വിവാഹം നടന്നു.

പിന്നീട് ഒരു കുഞ്ഞുണ്ടാവണമെന്നായി ഇരുവരുടെയും മോഹം. ഒരു ദിവസം സനാ വന്നപ്പോള്‍ തന്റെ കുഞ്ഞിന്റെ മാതാവാകാമോ എന്ന് വാലിദ് ദഖ ചോദിച്ചു. കേട്ടയുടന്‍ സനാ സമ്മതം മൂളി. പിന്നീട് അതെങ്ങനെ എന്ന ആലോചനയില്‍ പുരുഷ ബീജം ജയിലിന് പുറത്തെത്തിക്കുക എന്ന ആശയത്തിലെത്തി. ആ പദ്ധതി വിജയകരമായി നടപ്പാക്കുകയും ചെയ്തു. ഗുളികകള്‍ക്കുള്ളിലായിരുന്നു പുരുഷ ബീജം ജയിലിന് പുറത്തെത്തിച്ചത്. തങ്ങളെ വെട്ടിച്ച് ഒരീച്ച പോലും പറക്കില്ലെന്ന് കരുതുന്ന ഇസ്രയേലി സുരക്ഷാ ഉദ്യോഗസ്ഥരെ പറ്റിച്ചാണ് ആ ഗുളിക പുറത്തു കടത്തിയതും അതേ തുടര്‍ന്ന് ഗര്‍ഭം ധരിച്ചതും.

നസ്രേത്ത് ഫെര്‍ട്ടിലിറ്റി ക്ലിനിക്കിലെ ഡോക്ടര്‍മാരുടെ സഹായത്തില്‍ ദഖയുടെ ബീജം സനാക്കുള്ളിലെത്തിച്ചു. 13 ആഴ്ചകള്‍ക്ക് ശേഷം ആ സന്തോഷ വാര്‍ത്ത അവര്‍ അറിഞ്ഞു. സനാ ഗര്‍ഭിണിയാണ്. ഒന്‍പത് മാസങ്ങള്‍ക്കുശേഷം കഴിഞ്ഞ ഫെബ്രുവരിയില്‍ അവള്‍ മിലാദ് എന്ന പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.