ന്യൂഡല്‍ഹി: ഇന്ത്യയുടെ യശസ്സിനെ വീണ്ടും വാനോളം ഉയര്‍ത്തി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ.എസ്.ആര്‍.ഒ) വിജയഗാഥ വീണ്ടും. ഇതുവരെ വികസിപ്പിച്ചതില്‍ വെച്ച് ഏറ്റവും ഭാരംകൂടിയ വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി-മാര്‍ക് 3 ഐ.എസ്.ആര്‍.ഒ വിജയകരമായി വിക്ഷേപിച്ചു. വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ്-19നെയും വഹിച്ച് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം ലോഞ്ച് പാഡില്‍ നിന്ന് ഇന്നലെ വൈകിട്ട് 5.28നായിരുന്നു റോക്കറ്റിന്റെ വിക്ഷേപണം. മൂന്നു ഘട്ടങ്ങളിലായി 16 മിനിറ്റ് 20 സെക്കന്‍ഡിലാണ് വിക്ഷേപണം പൂര്‍ത്തിയായത്.

ഫാറ്റ്‌ബോയ് എന്നാണ് റോക്കറ്റിന്റെ വിളിപ്പേര്. മനുഷ്യനെ ബഹിരാകാശത്തേക്ക് കൊണ്ടുപോകുക എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടാണ് വിജയകരമായി പൂര്‍ത്തിയായത്.
തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച ത്രിതല മിസൈലാണ് ജി.എസ്.എല്‍.വി മാര്‍ക്ക് 3 ഡി 1. ജിയോസിന്‍ക്രോണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലേക്ക്് (ജി.ടി.ഒ) ഭാരമേറിയ വാര്‍ത്താ വിനിമയ ഉപഗ്രഹങ്ങളെ എത്തിക്കുകയാണ് ഇവയുടെ പ്രധാന ഉപയോഗം. നാലു ടണ്‍ഭാരമുള്ള ഉപഗ്രഹങ്ങള്‍ ഇവയ്ക്ക് ഭ്രമണപഥത്തിലെത്തിക്കാം. 630 ടണ്‍ ഭാരവും (200 ഏഷ്യന്‍ ആനകളുടെ ഭാരം) 14 നില കെട്ടിടത്തിന്റെ (43 മീറ്റര്‍) ഉയരവുമുണ്ട്. ഇതുവരെ 2300 കിലോഗ്രാമില്‍ കൂടുതലുള്ള സാറ്റലൈറ്റുകള്‍ വിക്ഷേപിക്കാന്‍ ഐ.എസ്.ആര്‍.ഒ വിദേശ ലോഞ്ചറുകളെയാണ് ആശ്രയിച്ചിരുന്നത്.