ജംനഗര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ഭാര്യ റിവ സോളങ്കിയെ പൊലീസുകാരന്‍ മര്‍ദിച്ചതായി പരാതി. ഗുജറാത്തിലെ ജംനഗറില്‍ റിവ സഞ്ചരിച്ചിരുന്ന ബി.എം.ഡബ്ല്യു കാര്‍ പൊലീസുകാരന്റെ ബൈക്കിലിടിച്ചതോടെയാണ് സംഭവം. കുപിതനായ പൊലീസുകാരന്‍ കാറില്‍ നിന്നിറങ്ങിയ റിവയെ മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ജംനഗര്‍ നഗരത്തിലെ ഷാറു സെക്ഷനില്‍ വെച്ചാണ് റിവ സോളങ്കിയുടെ കാര്‍ മുന്നില്‍ പോവുകയായിരുന്ന പൊലീസ് കോണ്‍സ്റ്റബിളിന്റെ ബൈക്കില്‍ ഇടിച്ചത്. ഇടി സാരമുള്ളതായിരുന്നില്ലെന്നും ബൈക്കില്‍ നിന്നിറങ്ങിയ പൊലീസുകാരന്‍ കുപിതനായി ജഡേജയുടെ ഭാര്യയെ സമീപിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

റിവയുടെ മുടിക്കുത്തില്‍ പിടിച്ചുവലിച്ച പൊലീസുകാരന്‍ അവരെ തള്ളിവീഴ്ത്താന്‍ ശ്രമിച്ചെന്നും കണ്ടുനിന്നവര്‍ ഇടപെട്ട് പിടിച്ചുമാറ്റുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. മര്‍ദനത്തില്‍ റിവക്ക് നിസ്സാര പരിക്കുണ്ട്. സംഭവം നടക്കുന്ന സമയത്ത് ജഡേജയുടെ അമ്മയും മകനും കാറിലുണ്ടായിരുന്നു.

ക്രിക്കറ്റ് താരത്തിന്റെ ഭാര്യയെ മര്‍ദിച്ച പൊലീസുകാരന്‍ സഞ്ജയ് അഹിറിനെതിരെ വകുപ്പുതല നടപടിയെടുക്കുമെന്നും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ജംനഗര്‍ പൊലീസ് സൂപ്രണ്ട് പ്രദീപ് സെജുല്‍പറഞ്ഞു.