ജയ്പുര്‍: സര്‍ക്കാര്‍ ജോലി തട്ടിയെടുക്കുന്നതിനായി പിതാവിനെ കൊല്ലാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍. 28കാരനായ അങ്കിത് പാലിവാല്‍, സുഹൃത്ത് നിഖില്‍ എന്നിവരാണ് അങ്കിതിന്റെ പിതാവിനെ കൊല്ലാന്‍ ശ്രമിച്ചതിന് പിടിയിലായത്.

സ്‌കൂള്‍ അധ്യാപകനായ രാകേശ് പാലിവാലിനെ സ്‌കൂട്ടറില്‍ സഞ്ചരിക്കവെ കല്ലെറിഞ്ഞു വീഴ്ത്തി നിഖില്‍ ആണു കൊല്ലാന്‍ ശ്രമിച്ചത്. ഹെല്‍മറ്റ് വച്ചിരുന്നതിനാല്‍ രാകേശ് പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. പ്രതി എത്തിയ സ്‌കൂട്ടറിന്റെ നമ്പര്‍ ശ്രദ്ധയില്‍പ്പെട്ട രാകേശിന്റെ സുഹൃത്ത് നല്‍കിയ വിവരങ്ങളാണു പ്രതികളെ കുടുക്കിയത്.

പ്രതികള്‍ ഇരുവരും ചേര്‍ന്നു പദ്ധതിയിട്ട റസ്റ്ററന്റ് തുടങ്ങാന്‍ പണം നല്‍കാതിരുന്നതിനെ തുടര്‍ന്ന് അങ്കിതാണു പിതാവിനെ കൊല്ലുന്നതിനുള്ള പദ്ധതി തയാറാക്കിയത്. അങ്കിതിന്റെ പ്രണയബന്ധം അംഗീകരിക്കാതിരുന്നതും പിതാവിനോടുള്ള ശത്രുതയ്ക്കു കാരണമായതായി പ്രതികള്‍ മൊഴി നല്‍കിയെന്നു പൊലീസ് പറഞ്ഞു.