ശ്രീനഗര്‍: തീവ്രവാദ ഭീഷണി സജീവമായ ശ്രീനഗറില്‍ സിആര്‍പിഎഫിനെ നയിക്കാന്‍ വനിതാ ഓഫീസര്‍. ഐപിഎസ് ഉദ്യോഗസ്ഥരായ ചാരു സിന്‍ഹയാണ് ചരിത്രദൗത്യത്തിന് നിയോഗിക്കപ്പെട്ടത്. ആദ്യമായാണ് കശ്മീരില്‍ ഒരു വനിതാ ഉദ്യോഗസ്ഥ സിആര്‍പിഎഫിന്റെ തലപ്പത്തെത്തുന്നത്. 1996ലെ തെലങ്കാന കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥയാണ് ചാരു സിന്‍ഹ.

നേരത്തെ നക്സല്‍ ഭീഷണി ഏറ്റവുമധികം നേരിട്ടിരുന്ന ബിഹാര്‍ മേഖലയിലെ സിആര്‍പിഎഫ് മേധാവിയായും ഇവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവരുടെ നേതൃത്വത്തില്‍ നിരവധി തവണ നക്സല്‍ ഓപറേഷനുകള്‍ സിആര്‍പിഎഫ് വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുമുണ്ട്. തിങ്കളാഴ്ചയാണ് അവരെ ശ്രീനഗര്‍ ഐജിയായി നിയമിച്ച് ഉത്തരവിറങ്ങിയത്.

നിലവിലെ സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ആനന്ദ് പ്രകാശ് മഹേശ്വരി 2005ല്‍ ശ്രീനഗര്‍ മേഖലയില്‍ ഐജിയായി പ്രവര്‍ത്തനം ആരംഭിച്ച ശേഷം ഈ മേഖലയില്‍ ഒരിക്കലും ഐജി തലത്തില്‍ ഒരു വനിതാ ഓഫീസര്‍ ഉണ്ടായിട്ടില്ല. ഈ മേഖലയിലെ ഭീകരവിരുദ്ധ പോരാട്ടങ്ങളില്‍ സൈന്യവുമായി സഹകരിച്ചാണ് സിആര്‍പിഎഫിന്റെ പ്രവര്‍ത്തനം.