ന്യൂഡല്‍ഹി: ജമ്മുകാശ്മീര്‍ അന്താരാഷ്ട്ര അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ക്ക് സംവരണം ഉറപ്പ് വരുത്തുന്ന ഭേദഗതി ബില്ല് ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ലോക്‌സഭയില്‍ അവതരിപ്പിക്കും. നിയന്ത്രണ രേഖയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമാണ് നിലവില്‍ സംവരണമുള്ളത്.

ഫെബ്രുവരി 28 ന് ജമ്മു കാശ്മീര്‍ ബില്‍ ലോക്‌സഭ അംഗീകരിച്ചിരുന്നു. രാഷ്ട്രപതി രാം നാഥ് കോവിന്ദ് ബില്ലിന് അനുവാദവും നല്‍കിയിട്ടുണ്ട്. ജമ്മു കാശ്മീരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള ഓര്‍ഡിനന്‍സ് ആയി മാറ്റി സ്ഥാപിക്കാനാണ് ബില്‍ ലക്ഷ്യമിടുന്നത്. ജമ്മു കാശ്മീരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസം, ജോലി എന്നിവക്ക് സംവരണം നല്‍കാനാണ് ബില്‍ ലക്ഷ്യമിടുന്നത്.

കാശ്മീരിലെ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് നിലനിര്‍ത്താനുള്ള തീരുമാനത്തിന് സഭയുടെ അംഗീകാരം തേടിയുള്ള പ്രമേയവും ഇന്ന് സഭയുടെ പരിഗണനക്ക് വരും. രാജ്യസഭയില്‍ വിവിധ വിഷയങ്ങളിലുള്ള പ്രമേയങ്ങളും അംഗങ്ങള്‍ അവതരിപ്പിക്കും.