ന്യൂഡല്‍ഹി: ഭക്ഷണത്തില്‍ ഉള്‍പ്പെടെ അതിര്‍ത്തിയില്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ പങ്കുവെച്ച ജവാന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ബി.എസ്.എഫ്. വിവാദമുണ്ടാക്കിയ ജവാന്‍ മദ്യപാനിയും സ്ഥിരം പ്രശ്‌നക്കാരനെന്നുമാണ് ബി.എസ്.എഫ് ആരോപിക്കുന്നത്. ജമ്മുകശ്മീര്‍ നിയന്ത്രണരേഖയില്‍ കാവല്‍ നില്‍ക്കുന്ന തേജ് ബാദുര്‍ യാദവ് എന്ന ജവാനാണ്‌ കഷ്ടപ്പാടുകള്‍ വിവരിച്ച് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. വീഡിയോ മണിക്കൂറുകള്‍ക്കകം വൈറലാവുകയും ചെയ്തു.

യാദവ് സര്‍വീസിന്റെ തുടക്കം മുതലെ പ്രശ്‌നക്കാരനാണെന്നാണ് ബി.എസ്.എഫ് ആരോപിക്കുന്നത്, മുതിര്‍ന്ന ഉദ്യോഗസ്ഥരോട് പോലും മോശം പെരുമാറ്റമാണ് അദ്ദേഹത്തില്‍ നിന്നുണ്ടാവുന്നത്, അദ്ദേഹത്തിന് കൃത്യമായ കൗണ്‍സിലിങ് വേണമെന്നും ബി.എസ്.ഫ് വ്യക്തമാക്കുന്നു. പട്ടിണിയിലാണെന്നും ഭക്ഷണം പോലും മുറക്ക് ലഭിക്കുന്നില്ല, ഞങ്ങള്‍ക്ക് കിട്ടേണ്ട വിഹിതം ചില ഉദ്യോഗസ്ഥര്‍ വില്‍ക്കുകയാണെന്നുമാണ് യാദവ് വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നത്.

സര്‍ക്കാറുകള്‍ മാറിവരുന്നു, പക്ഷേ ഞങ്ങളുടെ അവസ്ഥക്ക് ഒരു മാറ്റവും സംഭവിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. വിഷയത്തില്‍ ഇടപെട്ട ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ബി.എസ്.എഫ് ജവാന്റെ ആരോപണങ്ങള്‍ തള്ളി രംഗത്ത് എത്തുന്നത്.

don’t miss: സര്‍ക്കാറുകള്‍ മാറിയിട്ടും ഞങ്ങളുടെ സ്ഥിതിയില്‍ മാറ്റമൊന്നുമില്ല, കഷ്ടപ്പാടുകള്‍ പങ്കുവെച്ച് ജവാന്‍