ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ആരോപണവിധേയനായ അമിത് ഷായുടെ മകന്‍ ജയ് ഷായെ ന്യായീകരിച്ച് കേന്ദ്രമന്ത്രിമാര്‍. ആഭ്യന്തര സഹമന്ത്രി രാജ്‌നാഥ് സിങ്, ഊര്‍ജ മന്ത്രി പീയുഷ് ഗോയല്‍ എന്നിവരാണ് ബി.ജെ.പി അധ്യക്ഷന്റെ മകന് പിന്തുണയുമായി ഇന്നലെ രംഗത്തെത്തിയത്. വര്‍ത്ത പുറത്തുവിട്ട ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ ജയ് 100 കോടിയുടെ മാനനഷ്ടകേസ് നല്‍കിയതിനു പിന്നാലെയായിരുന്നു മന്ത്രിമാരുടെ പ്രതികരണം. ജയ് ഷായുടെ സമ്പാദ്യം ഒരു വര്‍ഷം കൊണ്ട് 16,000 മടങ്ങ് വര്‍ധിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇതേക്കുറിച്ച് അന്വേഷണം ആവശ്യമില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഡല്‍ഹിയില്‍ എന്‍.ഐ.എ ഹെഡ്ക്വാട്ടേഴ്‌സ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. മുമ്പും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും അതൊന്നും ഗൗരവമായി കാണുന്നില്ലെന്നും പറഞ്ഞ് രാജ്‌നാഥ് പ്രശ്‌നത്തെ നിസാരവത്കരിച്ചു. ഇതിലും ഒരുപടി കടന്നായിരുന്നു ഗോയലിന്റെ പ്രതികരണം. വളരെ പരിശുദ്ധമായ കണ്ടെത്തലാണിതെന്ന് ഗോയല്‍ പരിഹസിച്ചു. നിലവാരമില്ലാത്തതും അപകീര്‍ത്തികരവുമായ ആരോപണങ്ങള്‍ പുച്ഛിച്ച് തള്ളുകയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, സ്മൃതി ഇറാനി എന്നിവരും അമിത് ഷായെയും മകനെയും പിന്തുണച്ച് രംഗത്തുവന്നിരുന്നു. അതേസമയം ആരോപണങ്ങള്‍ അന്വേഷിക്കുന്നതിനു പകരം കേന്ദ്രമന്ത്രിമാര്‍ രാഷ്ട്രീയം കളിക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ മാന്യത കാണിക്കണമെന്നും വിഷയത്തില്‍ സമഗ്രമായ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടുകയാണ് വേണ്ടതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുജര്‍വാല പ്രതികരിച്ചു. ഓണ്‍ലൈന്‍ പോര്‍ട്ടലായ ദി വയറാണ് ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം ജയ് ഷാ വന്‍ വരുമാനം ഉണ്ടാക്കിയെന്ന വാര്‍ത്ത കണക്കുകള്‍ സഹിതം പുറത്തുവിട്ടത്. ഷായുടെ കമ്പനിയുടെ വിറ്റുവരവ് 50,000 രൂപയില്‍ നിന്ന് 80 കോടിയായി വര്‍ധിച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്.