ചെന്നൈ: രോഗ ബാധിതയായി ആസ്പത്രിയില്‍ കഴിയുന്ന ജയലളിതയ്ക്കു വേണ്ടി തമിഴ്‌നാട് ഭരിക്കുന്നത് മലയാളിയായ ഷീലാ ബാലകൃഷ്ണന്‍. പ്രത്യേക ഉപദേഷ്ടാവായ ഷീലയാണ് ജയലളിതയുടെ അസാന്നിധ്യത്തില്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. ജയലളിത ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആസ്പത്രിയുടെ ഒന്നാം നിലയിലെ മുറിയില്‍ ചികിത്സയ്ക്കും സംസ്ഥാന ഭരണത്തിനും പാര്‍ട്ടി നേതാക്കള്‍ക്കും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഷീലയുണ്ട്.

തിരുവനന്തപുരം സ്വദേശിയും ഐഎഎസുകാരിയുമായ ഷീല ബാലകൃഷ്ണന്‍ ആണ് കഴിഞ്ഞ പത്തുദിവസമായി തമിഴ്‌നാടിന്റെ ഭരണം ചലിപ്പിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിന് ഒന്നിനും ഒരു കുറവും സംഭവിച്ചിട്ടില്ല. ഈ ദിവസങ്ങളില്‍ കാവേരി നദീജല വിഷയം അടക്കം ഒട്ടേറെ നയതന്ത്ര കാര്യങ്ങളില്‍ നിര്‍ണായകമായ തീരുമാനം കൈകൊള്ളാന്‍ കഴിഞ്ഞതിനു പിന്നില്‍ ഷീലയുടെ ശ്രമങ്ങളാണെന്നു നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയുടെ രോഗവും തുടര്‍ന്നുള്ള ചികിത്സകളും സംസ്ഥാനത്ത് പ്രവര്‍ത്തകരെയും അണികളെയും നിരാശപ്പെടുത്തിയെങ്കിലും ഭരണ സ്തംഭനമുണ്ടാകാതെയും പദ്ധതികള്‍ ഒന്നു പോലും മുടങ്ങാതെയും നിര്‍വഹിക്കുക എന്നതു തന്നെ ഗൗരവമേറിയ കാര്യമാണെന്നും നിരീക്ഷകര്‍ പറയുന്നു.

ഓരോ ദിവസവും ഷീലയെ തേടിയെത്തുന്ന മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും കാണാനാകും. ജയലളിതയെ നേരില്‍ കാണാന്‍ അനുവാദമുള്ളതും ഷീലയടക്കം ചുരുക്കം ചിലര്‍ക്കു മാത്രമാണ്. ജയലളിതയുടെ കാര്യങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതു പോലും ഷീലയാണ്. ഈ ദിനങ്ങള്‍ കൊണ്ടു തമിഴ്‌നാടിന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായി ഷീല മാറി. ഷീലയുടെ അനുമതിയില്ലാതെ സംസ്ഥാനത്ത് ഒന്നും നടക്കില്ലെന്നതിലേക്ക് എത്തിയിരിക്കുന്നു കാര്യങ്ങള്‍.

എഐഎഡിഎംകെ നേതൃത്വം പോലും ഷീലയുടെ അനുമതി തേടിയാണ് കാര്യങ്ങള്‍ നിര്‍വഹിക്കുന്നത് തന്നെ. തിരുവനന്തപുരം സ്വദേശിനിയായ ഷീല ബാലകൃഷ്ണന്‍ 1976ലെ എഎസ്എസ് ബാച്ചുകാരിയാണ്. തമിഴ്‌നാട് തഞ്ചാവൂര്‍ അസിസ്റ്റന്റ് കലക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1983ല്‍ സോഷ്യല്‍ വെല്‍ഫയര്‍ ഡയറക്ടറായി ചുമതലയേറ്റു. 2002ലാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്നത്. ഈ സമയം ജയലളിതയുടെ വിശ്വസ്തയായി. 2012ല്‍ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു. ഭര്‍ത്താവ് ബാലകൃഷ്ണന്റെ വരെ സീനിയോറിറ്റി മറികടന്നാണ് ചീഫ് സെക്രട്ടറി പദത്തിലെത്തിയതെന്ന ആരോപണം അന്നു ശക്തമായിരുന്നു. 2014ല്‍ വിരമിച്ച ശേഷവും ജയലളിതയോടുള്ള അടുപ്പം തുടര്‍ന്നു.

ഈ കാലയളവിലാണ് പ്രത്യേക ഉപദേഷ്ടാവ് എന്ന പദം ഷീലയെ തേടിയെത്തുന്നത്. വിശ്വസ്തനും വിധേയനുമായ ധനമന്ത്രി പനീര്‍ശെല്‍വത്തേക്കാളേറെ ഷീലയോടായിരുന്നു ജയലളിതക്ക് എന്നും താല്‍പര്യം. 2014ല്‍ ജയലില്‍ കഴിഞ്ഞപ്പോല്‍ ഷീലയ്ക്കു മാത്രമായിരുന്നു സന്ദര്‍ശനാനുമതി എന്നത് ഇതിനു തെളിവാണ്. ജയലളിതയ്ക്കു ശേഷം ആരെന്ന ചോദ്യത്തിനു പോലും ആദ്യം ഉയര്‍ന്നു വരുന്ന പേരും ഷീലയുടേതു തന്നെ.