ചെന്നൈ: ജല്ലിക്കെട്ട് വിഷയത്തില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം അലയടിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ യുവാക്കള്‍ അടക്കമുള്ളവര്‍ തെരുവിലിറങ്ങി. ചെന്നൈ മറീന ബീച്ചില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ജല്ലിക്കെട്ട് പുനരാരംഭിക്കണമെന്ന ആവശ്യവുമായി ഒത്തു കൂടി. പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന്് നിരോധനം മറികടക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടു വരണമെന്ന് മുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വം ആവശ്യപ്പെട്ടു. ജെല്ലിക്കെട്ട് വിഷയത്തില്‍ കേന്ദ്രത്തിന്റെ സഹായം തേടി പനീര്‍ ശെല്‍വം ഇന്ന് പ്രധാനമന്ത്രിയെ കാണും. എ .ഐ. എ.ഡി.എം.കെയുടെ 49 എം.പിമാരും അദ്ദേഹത്തോടൊപ്പം പ്രധാനമന്ത്രിയെ കാണുന്നുണ്ട്. പ്രധാനമന്ത്രിക്കു പുറമെ രാഷ്ട്രപതിയെയും സംഘം കാണും.

 

തമിഴ്‌നാടിന്റെ പരമ്പരാഗത കായിക ഇനമായ ജെല്ലിക്കെട്ട് നടത്താന്‍ അനുമതി ലഭിക്കുന്നതിനായി സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അതിനാല്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ സംസ്ഥാനത്ത് ഇന്ന് കോളജുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി എ. ഐ. എ. ഡി. എം.കെ ജനറല്‍ സെക്രട്ടറി ശശികലയും രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടു വരണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇവര്‍ക്കു പുറമെ തമിഴ്‌സിനിമ താരങ്ങളുടേയും സാങ്കേതിക വിദഗ്ധരുടേയും സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച ഏകദിന ഉപവാസം നടത്തുമെന്ന് നടികര്‍ സംഘവും സൗത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷനും അറിയിച്ചിട്ടുണ്ട്. മുഴുവന്‍ സിനിമാ താരങ്ങളും ഏകദിന നിരാഹാര സമരത്തില്‍ പങ്കെടുക്കുമെന്നും ഇത് തമിഴ്‌നാടിന്റെ പാരമ്പര്യം നിലനിര്‍ത്താനായി രണ്ടു ദിവസമായി പ്രതിഷേധം തുടരുന്നവരോടുള്ള ഐക്യദാര്‍ഢ്യമാണെന്നും നടികര്‍ സംഘാംഗം പൊന്‍വണ്ണന്‍ പറഞ്ഞു. അഭിനേതാക്കള്‍ക്കു പുറമെ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍, ഡയരക്‌റ്റേഴ്‌സ് അസോസിയേഷന്‍, ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ എന്നിവരും പ്രതിഷേധത്തില്‍ പങ്കു ചേരുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധവുമായി ബന്ധപ്പെട്ട അക്രമങ്ങളിലും സംഘര്‍ഷത്തിലുമായി 200 പേരെ പൊലീസ് ഇതിനോടകം അറസ്റ്റു ചെയ്തു. പൊങ്കലിനോട് അനുബന്ധിച്ച് ജെല്ലിക്കെട്ട് നടത്തുന്നതിന് അനുമതി തേടി സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച വിഫലമായതിനെ തുടര്‍ന്നാണ് പ്രതിഷേധം. സര്‍ക്കാരുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ചെന്നൈക്കു പുറമെ തിരുച്ചിറപ്പള്ളി, സേലം, കൃഷ്ണഗിരി, വെല്ലൂര്‍, കോയമ്പത്തൂര്‍, മധുര തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രതിഷേധം കൂടുതല്‍ രൂക്ഷമായത്.

 

ജെല്ലിക്കെട്ട് നടത്താന്‍ അനുമതി നല്‍കണമെന്നും ജെല്ലിക്കെട്ട് നിരോധനത്തിന് കാരണക്കാരായ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ് (പെറ്റ) എന്ന സംഘടനയെ നിരോധിക്കണമെന്നുമാണ് പ്രക്ഷോഭകരുടെ ആവശ്യം. ചെന്നൈയിലെ മറീന ബീച്ചിലാണ് ശക്തമായ പ്രതിഷേധം അരങ്ങേറിയത്. സമരക്കാരെ പിരിച്ചുവിടുന്നതിനായി പൊലീസ് ഇടപെട്ട് ബീച്ചിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചെങ്കിലും സമരക്കാര്‍ മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ രാത്രിയിലും സമരം തുടര്‍ന്നു. ചെന്നൈയിലെ ഓള്‍ഡ് മഹാബലിപുരം റോഡ് ഉള്‍പ്പെടെ സംസ്ഥാന പാതകള്‍ സമരക്കാര്‍ ഉപരോധിച്ചു.

 

തമിഴ്‌നാട് പ്രതിപക്ഷ നേതാവും ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റുമായ എം.കെ. സ്റ്റാലിന്‍ സമരക്കാരെ അറസ്റ്റ് ചെയ്തതിനെതിരെ രംഗത്തെത്തി. നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഭവം മദ്രാസ് ഹൈക്കോടതിയിലും എത്തിയെങ്കിലും സുപ്രീംകോടതി നിരോധനമേര്‍പ്പെടുത്തിയ വിഷയത്തില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. പൊങ്കലിനോട് അനുബന്ധിച്ചു ഈ മാസം മധ്യത്തോടെയാണ് ജല്ലിക്കെട്ട് അരങ്ങേറുന്നത്.