ന്യൂഡല്‍ഹി: ആര്‍എസ്എസില്‍ നിന്നും ബിജെപിയില്‍ നിന്നും ഭീഷണിയുള്ളതായി വെളിപ്പെടുത്തി ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. തന്റെ ജീവന് ഫാസിസ്റ്റുകളുടെ ഭീഷണിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസും ബിജെപിയും വേണ്ടി വന്നാല്‍ തന്നെ വകവരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. തന്നെ ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വം ശ്രമിക്കുന്നത്. ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്താന്‍ പൊലീസ് നീക്കം നടത്തുന്നതായി വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ജിഗ്നേഷും രംഗത്തുവന്നത്. ‘പ്രവീണ്‍ തൊഗാഡിയയുടെ അതേ വികാരമാണ് എനിക്കും. ആരെ വേണമെങ്കിലും വധിക്കാന്‍ ശേഷിയുള്ളവരാണ് ഫാസിസ്റ്റ് ശക്തികള്‍. ആര്‍എസ്എസും ബിജെപിയും ഏതുവിധേനയും എന്നെ ഇല്ലാതാക്കുമെന്ന് ഉറപ്പാണ്’, മേവാനി പറഞ്ഞു.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച മേവാനിക്കെതിരെ നിരവധി തവണ ആക്രമണം നടന്നിരുന്നു. ഇതേത്തുടര്‍ന്ന് മേവാനിക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കണമെന്ന് ദളിത് സംഘടകള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി വിവിധ സംഘടകള്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിവേദനം നല്‍കി.