മുംബൈ: 5000 രൂപയില്‍ താഴെ വിലയുള്ള 5ജി സ്മാര്‍ട്ഫോണ്‍ വിപണിയിലെത്തിക്കാനുള്ള നീക്കവുമായി റിലയന്‍സ് ജിയോ. ഉല്‍പാദനം വര്‍ധിക്കുന്നതിന് അനുസരിച്ച് ഫോണിന്റെ വില 2500 മുതല്‍ 3500 വരെയാക്കാനും കമ്പനിയ്ക്ക് പദ്ധതിയുണ്ട്. നിലവില്‍ രാജ്യത്ത് വില്‍പനയിലുള്ള 5ജി സ്മാര്‍ട്ഫോണുകള്‍ക്ക് 27,000 രൂപയിലാണ് വില തുടങ്ങുന്നത്. പുതിയ ഫോണ്‍ വിപണിയിലെത്തിക്കുന്നതോടെ ഇപ്പോഴും 2ജി ഫോണുകള്‍ ഉപയോഗിക്കുന്ന 30 കോടിയോളം ആളുകളെ തങ്ങളുടെ വരിക്കാരാക്കാനാവുമെന്നാണ് റിലയന്‍സ് കരുതുന്നത്.

അതേസമയം ഇത് ഒരു ആന്‍ഡ്രോയിഡ് ഫോണ്‍ തന്നെ ആയിരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എങ്കിലും കൂടുതല്‍ സാധ്യത ആന്‍ഡ്രോയിഡ് ഓഎസ് ഫോണ്‍ പുറത്തിറക്കാനാണ്. നേരത്തെ കായ് ഓഎസില്‍ പ്രവര്‍ത്തിക്കുന്ന 4ജി ഫോണുകള്‍ ജിയോ പുറത്തിറക്കിയിരുന്നു. വില കുറഞ്ഞ ഫോണ്‍ ആയതിനാല്‍ തന്നെ ആന്‍ഡ്രോയിഡ് ഗോ ഓഎസ് ഉപയോഗിക്കാനാണ് സാധ്യത. ഇരു കമ്പനികളും തമ്മില്‍ കൂടുതല്‍ സഹകരണം ഉണ്ടാവുമെന്ന് ഗൂഗിളും ജിയോയും പ്രഖ്യാപിച്ചിരുന്നു.