മുംബൈ: ടെലികോം അതോറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) നിര്‍ദേശത്തെ തുടര്‍ന്ന് ജിയോ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പിന്‍വലിക്കാന്‍ റിലയന്‍സ് തീരുമാനിച്ചു. എന്നാല്‍ ഏപ്രില്‍ ആറിന് മുമ്പ് ഓഫറിനായി സബ്‌സ്‌ക്രൈബ് ചെയ്തവര്‍ക്ക് ജൂണ്‍ 30 വരെ സൗജന്യ സേവനം നല്‍കണമെന്നും ട്രായ് നിര്‍ദേശിച്ചു. വ്യാഴാഴ്ചയാണ് ജിയോ നീട്ടി നല്‍കിയ സൗജന്യ സേവനങ്ങള്‍ പിന്‍വലിക്കണമെന്ന് ട്രായ് റിലയന്‍സിനോട് നിര്‍ദേശിച്ചത്. ജനുവരിയില്‍ ജിയോ ആരംഭിച്ച ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ മാര്‍ച്ചില്‍ അവസാനിക്കാനിരിക്കെയാണ് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി ജിയോ പ്രൈം മെമ്പര്‍ഷിപ്പ് അവതരിപ്പിച്ചത്.