വാഷിങ്ടണ്‍:വാശിയേറിയ പോരാട്ടത്തിനും ഏറെ അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ വിജയമുറപ്പിച്ചു. ഇന്ത്യന്‍ വംശജയായ കമലാ ഹാരിസ് അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി. 290 ഇലക്ടറല്‍ വോട്ടുകള്‍ നേടി ജയിക്കാനാവശ്യമായ 270 എന്ന മാന്ത്രികസംഖ്യ വോട്ടെണ്ണി അഞ്ചാംദിവസമാണ് ബൈഡന്‍ പിന്നിടുന്നത്. 214 ഇലക്ട്രല്‍ വോട്ടുകളാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും നിലവിലെ അമേരിക്കന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിന് ഇതുവരെ നേടാനായത്. ഫലം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
രണ്ടുദിവസമായി 264 എന്നനിലയില്‍ ബൈഡനും 214-ല്‍ ട്രംപും തുടരുകയായിരുന്നു. പെന്‍സില്‍വേനിയയിലെ 20-ഉം നെവാദയിലെ ആറും ഇലക്ടറല്‍ വോട്ടുകള്‍കൂടി ശനിയാഴ്ച നേടിയതോടെയാണ് ബൈഡന്‍ വിജയത്തിലെത്തിയത്. വോട്ടെണ്ണല്‍ ഇപ്പോഴും തുടരുകയാണ്. 300-ല്‍ അധികം വോട്ടുകള്‍ ബൈഡന്‍ നേടുമെന്നാണ് കണക്കാക്കുന്നത്. നൂറ്റാണ്ടിലെ ഏറ്റവുംവലിയ തിരഞ്ഞെടുപ്പിനാണ് അമേരിക്ക ഇത്തവണ സാക്ഷിയായത്. തപാല്‍, മുന്‍കൂര്‍ വോട്ടിങ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയും പത്തുകോടി ആളുകളാണ് തിരഞ്ഞെടുപ്പിനുമുമ്പേ വോട്ടുചെയ്തത്. തപാല്‍വോട്ടുകള്‍ ഇക്കുറി അധികമായി രേഖപ്പെടുത്തിയത് ബൈഡനുള്ള വിജയസാധ്യതയായി നേരത്തേ വിലയിരുത്തപ്പെട്ടിരുന്നു.
അമേരിക്കന്‍ ജനത എന്നിലും കമലാ ഹാരിസിലും അര്‍പ്പിച്ച വിശ്വാസം എന്നെ വിനയാന്വിതനാക്കുന്നു. അഭൂതപൂര്‍വമായ പ്രതിബന്ധങ്ങള്‍ക്കിടയിലാണ് അമേരിക്കക്കാര്‍ റെക്കോഡ് തോതില്‍ വോട്ടുചെയ്തത്. അമേരിക്കക്കാരുടെ ഹൃദയത്തില്‍ ജനാധിപത്യം തുടിക്കുന്നുണ്ടെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞു. പ്രചാരണം അവസാനിച്ചതോടെ, കോപവും കഠിനമായ വാചാടോപവും മറന്ന് ഒരു രാഷ്ട്രമായി ഒത്തുചേരേണ്ട നേരമാണിത്. അമേരിക്ക ഐക്യപ്പെടേണ്ട നേരമാണിത്. സുഖപ്പെടുത്തേണ്ട നേരവും. നമ്മള്‍ അമേരിക്കന്‍ ഐക്യനാടാണ്, നമ്മളൊരുമിച്ചു നിന്നാല്‍ ചെയ്യാന്‍ പറ്റാത്തതായി യാതൊന്നുമില്ല.-ജോ ബൈഡന്‍ പ്രതികരിച്ചു.
Be the first to write a comment.