ഗുവാഹത്തി: ത്രിപുരയില്‍ വീണ്ടും പത്രപ്രവര്‍ത്തകന്റെ മരണം. ബംഗാളി പത്രമായ സായന്തന്‍ പത്രികയിലെ പത്രപ്രവര്‍ത്തകന്‍ സുധിപ് ദത്ത ഭൗമികാണ് കൊല്ലപ്പെട്ടത്. ത്രിപുര സ്റ്റേറ്റ് റൈഫിള്‍സ്(ടിഎസ്ആര്‍) ജവാന്റെ വെടിയേറ്റായിരുന്നു മരണം.
ആര്‍ കെ നഗറിലെ 2-ാം ടിഎസ്ആര്‍ കമാന്റന്റുമായുള്ള കൂടിക്കാഴ്ചയ്‌ക്കെത്തിയതായിരുന്നു സുധിപ്. നേരത്തേ തന്നെ കാണുന്നതിനുള്ള അനുമതി ലഭിച്ചിരുന്നുവെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടാവുകയും പിഎസ്ഒ ജവാന്‍ അദ്ദേഹത്തിനു നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. സംഭവസ്ഥലത്തു വെച്ചുതന്നെ ഇയാള്‍ കൊല്ലപ്പെടുകയും ചെയ്തു.
പിന്നീട് മൃതദേഹം അഗര്‍ത്തലയിലെത്തിക്കുകയും കൊലപാതകം നടത്തിയ ടിഎസ്ആര്‍ ജവാനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സെപ്തംബര്‍ 20ന് ദിന്‍-രാത് ചാനലിലെ മാധ്യമപ്രവര്‍ത്തകനെ ഒരു കൂട്ടം ആളുകള്‍ തല്ലിക്കൊന്നിരുന്നു. സിപിഐ(എം)-ഐപിഎഫ്ടി പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയായിരുന്നു സംഭവം.